ന്യൂഡൽഹി: ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി രംഗത്ത്. വ്യക്തികൾ കുറ്റം ചെയ്തുവെന്ന സംശയം പൊതുജനങ്ങളിൽ സൃഷ്ടിക്കുവാൻ പക്ഷപാതപരമായ റിപ്പോർട്ടിങ് കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ 2017-ലെ നിർദേശങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.
ഇതുകൂടാതെ, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വാർത്താസമ്മേളനങ്ങളിൽ പോലീസ് പിന്തുടരേണ്ട മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മൂന്ന് മാസത്തിനുള്ളിൽ വിശദമായ മാനുവൽ തയ്യാറാക്കണമെന്നാണ് നിർദേശം. ഓരോ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഒരു മാസത്തിനകം തങ്ങളുടെ നിർദേശങ്ങൾ മന്ത്രാലയത്തിന് സമർപ്പിക്കാം. അടുത്ത വാദം 2024 ജനുവരിയിലുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
മാധ്യമ വിചാരണ നീതിനിർവഹണത്തെ ബാധിക്കുന്നു. ഏത് ഘട്ടത്തിലാണ് അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ട്. ഇതിൽ പരാതിക്കാരുടേയും കുറ്റാരോപിതരുടേയും താത്പര്യങ്ങൾ കണക്കിലെടുക്കണം. കൂടാതെ, പൊതുജനതാത്പര്യവും വിഷയത്തിൽ ഉൾപ്പെടുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ആശയങ്ങളും വാർത്തകളും നൽകാനുള്ള മാധ്യമങ്ങളുടെ അടിസ്ഥാനപരമായ അവകാശത്തിന്റെ പ്രശ്നവും വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ, മാധ്യമ വിചാരണ അനുവദനീയമല്ല. ഇത് കേസിലെ പ്രതിയുടെയും പരാതിക്കാരുടെയും സ്വകാര്യത ലംഘിക്കുന്നതാണ്. അവർ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ ഇത് ആശങ്കാജനകമാണ്.
വാർത്തകളും വിവരങ്ങളും അറിയുന്നതിന് ജനങ്ങൾക്കും അവകാശമുണ്ട്. എന്നാൽ, അന്വേഷണത്തിനിടെ സുപ്രധാനമായ തെളിവുകൾ പുറത്തുവന്നാൽ അത് അന്വേഷണത്തെ ബാധിക്കും. അന്വേഷണത്തിലിരിക്കുന്ന ഒരു കേസിൽ നിഷ്പക്ഷമായ അന്വേഷണത്തിനുള്ള അവകാശം കുറ്റാരോപിതനായ വ്യക്തിക്കുണ്ട്. കുറ്റാരോപിതനെ പ്രതിക്കൂട്ടിലാക്കിയുള്ള മാധ്യമ റിപ്പോർട്ടുകൾ അന്യായമാണെന്നും കോടതി കൂട്ടിച്ചേർത്തു.