കൊളിജീയത്തിൽ സർക്കാർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ

ദില്ലി: കൊളിജീയം തർക്കത്തിൽ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. കൊളിജീയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രിയാണ് കത്ത് നൽകിയത്. കൊളിജീയം-കേന്ദ്രം തർക്കം രൂക്ഷമാകുന്നതിനിടെയാണ് നിർദേശം.

ജഡ്ജി നിയമനത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പുമായി നല്‍കിയിരുന്നു. ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണെന്നാണ് അറിയിച്ചു കൊണ്ട് കൊളീജീയം സർക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതിൽ അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായികിനെ കർണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രത്തിന് മൂന്നാമതും നൽകി കൊണ്ടാണ് അസാധാരണ നടപടി ഉണ്ടായത്. ആവർത്തിച്ച് നൽകുന്ന ശുപാർശ അംഗീകരിക്കാൻ കേന്ദ്രത്തിന് ബാധ്യത ഉണ്ടെന്നാണ് കൊളീജീയം ഓർമ്മിച്ചത്.

1993 ലെ ജഡ്ജസ് കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് കൊളീജീയം ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ശുപാര്‍ശക്കൊപ്പം കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ കത്തിലാണ് ഈക്കാര്യം പറയുന്നത്. നവംബറിൽ കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷകരായ അരവിന്ദ് കുമാർ ബാബു, കെ.എ സഞ്ജിത എന്നിവരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയിരുന്നു. അലഹബബാദ്, കൊൽക്കത്ത ഹൈക്കോടതിയിലേക്കുള്ള പേരുകളും കേന്ദ്രം നേരത്തെ മടക്കി. ഇതിലുള്ള അതൃപ്തി കൂടിയാണ് കൊളീജിയം വ്യക്തമാക്കിയത്.

Top