സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: യൂത്ത് ഫോര്‍ ഇക്വാലിറ്റി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

എട്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. ഏറെ കാലമായി ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. അമ്പത് ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി അറുപത് ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

Top