മണിച്ചന്റെ മോചനം; പുതിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനത്തിനായുള്ള പുതിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന ഉത്തരവിൽ ഇളവ് തേടിയാണ് മണിച്ചന്റെ ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രിംകോടതിയെ സമീപിച്ചത്.

മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചൻ പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജയിൽ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രൻ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രിം കോടതി മെയ് മാസം 20 ന് നിർദേശിച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാൻ നൽകിയ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചിരുന്നു.

Top