ന്യൂഡല്‍ഹി: മുത്ത്വലാഖിന്റെ നിയമ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതിയുടെ തീരുമാനം. മുസ്ലിംകളുടെ ഇടയില്‍ നിലനില്‍ക്കുന്ന ‘മുത്ത്വലാഖി’ലെ വിവേചനം ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ണായകമായ ഇടപെടല്‍. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞ് ആറാഴ്ചക്കകം റിപോര്‍ട്ട് സമര്‍പിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ദേശീയ വനിതാ കമ്മീഷനോടും പ്രതികരണം തേടിയുണ്ട്. മുത്ത്വലാഖിനെ അനുകൂലിച്ച് നിരവധി മുസ്ലിം സംഘടകള്‍ രംഗത്ത് നില്‍ക്കെയാണ് സുപ്രീംകോടതിയുടെ നീക്കം.
മുത്ത്വലാഖിന്റെ ഇരയായ ഉത്തരാഖണ്ഡില്‍ നിന്നുള്ള ഷായ്‌റ ബാനു ആണ് സുപ്രീംകോടതിയെ സമീപിച്ചത്. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഭര്‍ത്താവ് മുത്ത്വലാഖിലൂടെ ഇവരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. രാജ്യത്തെ മുസ്ലിംകളുടെ ഇടയില്‍ നിന്ന് ഈ ദുരാചാരം തുടച്ചു നീക്കണമെന്നാണ് ഷായ്‌റയുടെ ആവശ്യം.
വായകൊണ്ട് പറയുന്നതിനു പുറമെ ഫേസ്ബുക്ക്, വാട്‌സ് ആപ്,സ്‌കൈപ്പ് തുടങ്ങിയവയിലൂടെ മെസേജുകള്‍ ആയും മുത്ത്വലാഖ് വ്യപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇതുവഴി ഭര്‍ത്താക്കന്‍മാര്‍ പരിധികളില്ലാത്ത അധികാരം ആസ്വദിക്കുകയാണെന്നും ഇങ്ങനെ വേര്‍പിരിച്ചയക്കുമ്പോള്‍ തങ്ങളുടെ കെകള്‍ ‘കെട്ടി’യിടപ്പെടുകയാണെന്നും ഷായ്‌റ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള ഏകപക്ഷീയമായ വിവാഹമോചനങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് സംരക്ഷണം ഇല്‌ളെന്നും അവര്‍ പറയുന്നു.
മുസ്ലിംസ്ത്രീകള്‍ക്ക് നിയമപരമായ പരിരക്ഷയുടെ ആവശ്യം പരിശോധിക്കുന്നതിനായി കോടതി ചില നടപടികള്‍ കൈകൊണ്ടിരുന്നു. അതിനോടൊപ്പം ഷായ്‌റയുടെ ഹരജിയും തിങ്കളാഴ്ച സ്വമേധയാ പരിഗണനക്ക് എടുക്കുകയായിരുന്നു. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഉന്നത തല കമ്മിറ്റി കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന് ഒരു റിപോര്‍ട്ട് സമര്‍പിച്ചിരുന്നതായി ഷായ്‌റയുടെ അഭിഭാഷകന്‍ അമിത് സിങ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് യു.യു ലളിത് എന്നിവര്‍ക്കു മുമ്പാകെ അറിയിച്ചിരുന്നു. ‘വുമണ്‍ ആന്റ് ദ ലോ: ആന്‍ അസസ്‌മെന്റ് ഓഫ് ഫാമിലി ലോസ് വിത്ത് ഫോക്കസ് ഓണ്‍ ലോസ് റിലേറ്റിംഗ് റ്റു മാര്യേജ്, ഡിവോഴ്‌സ്,കസ്റ്റഡി,ഇന്‍ഹെരിറ്റന്‍സ് ആന്റ് സക്‌സഷന്‍’ എന്ന തലക്കെട്ടില്‍ ആയിരുന്നു റിപോര്‍ട്ട് സമര്‍പിച്ചത്.
മുത്ത്വലാഖ് വിഷയത്തില്‍ ഷായ്‌റയുടെ ഭര്‍ത്താവില്‍ നിന്നുള്ള പ്രതികരണവും സുപ്രീംകോടതി ആരാഞ്ഞിട്ടുണ്ട്. ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോബോര്‍ഡും ജംഇത്തുല്‍ ഉലമായെ ഹിന്ദും അടക്കം നിരവധി മുസ്ലിം ബോഡികള്‍ക്ക് മുത്ത്വലാഖ് അടക്കമുള്ള പ്രശ്‌നങ്ങളില്‍ വിരുദ്ധാഭിപ്രായം നിലനില്‍ക്കെയാണ് സുപ്രീംകോടതി ഈ വിഷയങ്ങളില്‍ ഇടപെട്ട് മുന്നോട്ട് പോവാന്‍ തീരുമാനിച്ചിരിക്കുന്നത്.