ലൈംഗികാതിക്രമങ്ങള്‍ തടയല്‍; തൊഴിലിടങ്ങളില്‍ ആഭ്യന്തരസമിതികള്‍ വേണെമെന്ന് സുപ്രീംകോടതി

ഡല്‍ഹി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ തേടിയുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. ആശുപത്രികള്‍, സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, നഴ്‌സിങ് ഹോമുകള്‍, സ്റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, കായികമത്സരവേദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലൈംഗികാതിക്രമ പരാതികള്‍ നല്‍കാന്‍ ആഭ്യന്തരസമിതികള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

സ്ഥാപനങ്ങളില്‍ പോഷ് നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു വകുപ്പിനെയും നോഡല്‍ ഓഫീസ് സഹായി ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്താം. ഇതിനാവശ്യമായ ഭേദഗതികള്‍ നിയമത്തില്‍ കൊണ്ടുവരാം എന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിയമത്തിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള ജില്ലാ ഉദ്യോഗസ്ഥരെ നാലാഴ്ചയ്ക്കുള്ളില്‍ നിയമിക്കണമെന്നും ഉത്തരവിട്ടു.

ഉദ്യോഗസ്ഥരുടെ ഫോണ്‍, ഇ-മെയില്‍ വിശദാംശങ്ങളടങ്ങിയ ബുള്ളറ്റിന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കണം. നിര്‍ദേശങ്ങള്‍ നടപ്പാക്കി സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും എട്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. ഫെബ്രുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും.

Top