ന്യൂഡല്‍ഹി: മൂന്ന് ഹൈകോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തു. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റീസ് എ.എം. ഖാന്‍വില്‍കര്‍ എന്നിവരെയാണ് ശിപാര്‍ശ ചെയ്തത്.
15 മാസത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് കൊളീജിയത്തിന്റെ ശിപാര്‍ശ. നിയമകാര്യ മന്ത്രാലയത്തിന് ശിപാര്‍ശ ലഭിച്ചുവെന്നും നടപടികള്‍ പുരോഗമിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സുപ്രീം കോടതിയിലേക്കും ഹൈകോടതികളിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കായി കൊളീജിയത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കം സുപ്രീംകോടതി ഇടപെട്ട് നേരത്തേ തടഞ്ഞിരുന്നു.
തുടര്‍ന്ന് കൊളീജിയത്തിന് തന്നെ ഇതിനുള്ള അധികാരം നല്‍കുകയായിരുന്നു. നിയമനത്തിനുള്ള അധികാരം ജുഡീഷ്യല്‍ നിയമന കമീഷന് നല്‍കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കൊളീജിയത്തിന്റെ അധികാരം പുനസ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ നിയമനമായിരിക്കും ഇവരുടേത്.
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അധിക ഭാരത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് താക്കുര്‍ വികാരാധീനനായി പ്രസംഗിച്ചതിന് പിറകെയാണ് കൊളീജിയത്തിന്റെ ശിപാര്‍ശ എന്നതും ശ്രദ്ധേയമാണ്.