ബിബിസി ഡോക്യുമെന്ററി വിലക്ക് സുപ്രീം കോടതിയില്‍; ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേൾക്കും. തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജിക്കാരെ അറിയിച്ചു.

ഇന്ത്യ- ദി മോദി ക്വസ്റ്റിയൻ എന്ന ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര നടപടി ചോദ്യം ചെയ്താണ് ഹർജികൾ. അഭിഭാഷകനായ എംഎൽ ശർമയാണ് ആദ്യ ഹർജി സമർപ്പിച്ചത്. ഇക്കാര്യം ചീഫ് ജസ്റ്റിസിനു മുമ്പാകെ മെൻഷൻ ചെയ്യുകയായിരുന്നു.

എൻ റാം, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും ഇതേ വിഷയത്തിൽ ഹർജി നൽകിയിട്ടുണ്ട്. ഐടി ചട്ടത്തിലെ പ്രത്യേ അധികാരം പ്രയോഗിച്ചാണ് ഡോക്യുമെന്ററിക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന്, ഹർജി മെൻഷൻ ചെയ്ത സീനിയർ അഭിഭാഷകൻ സിയു സിങ് പറഞ്ഞു. എൻ റാം, പ്രശാന്ത് ഭൂഷൺ എന്നിവരുടെ, ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തതായും സിങ് അറിയിച്ചു. ഡോക്യുമെന്ററി വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ലെന്നും എന്നാൽ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന പ്രദർശനം തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top