ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷം കൂടി നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീം കോടതി. അസാധാരണമായ സാഹചര്യങ്ങളില്‍ കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രധാനമായ കേസുകളുടെ അന്വേഷണം നടക്കുകയാണെങ്കില്‍ കാലാവധി നീട്ടാമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം നീട്ടിയ കാലാവധി അവസാനിക്കുന്ന നവംബര്‍ 2-ന് ശേഷം വീണ്ടും കാലാവധി നീട്ടരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2018 നവംബര്‍ 19-ന് ആണ് ഇഡി ഡയറക്ടറായി സഞ്ജയ് കുമാര്‍ മിശ്രയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷമായിരുന്നു നിയമന കാലാവധി. 2020 മേയില്‍ മിശ്ര സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടതായിരുന്നെങ്കിലും നിയമന ഉത്തരവിലെ രണ്ട് വര്‍ഷത്തെ കാലാവധി കാരണം സര്‍വീസില്‍ തുടരുകയാണ് ഉണ്ടായത്. ഇതിനിടെ 2020 നവംബറില്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
2018-ലെ നിയമന ഉത്തരവില്‍ സേവന കാലാവധി രണ്ട് വര്‍ഷം എന്നത് മൂന്ന് വര്‍ഷമായി ഭേദഗതി ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് കോമണ്‍ കോസ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.