Supreme Court verdict in senkumar case

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയ പിണറായി സര്‍ക്കാറിനേറ്റ അപ്രതീക്ഷിത പ്രഹരമായി സുപ്രീം കോടതി വിമര്‍ശനം.

ഇങ്ങനെ മാറ്റാന്‍ തുടങ്ങിയാല്‍ പൊലീസില്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യം വരാന്‍ പോകുന്ന വിധിയുടെ സൂചനയായാണ് നിയമവിദഗ്ദര്‍ കാണുന്നത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല നടപടിയെടുക്കേണ്ടതെന്നും കോടതി വിമര്‍ശിച്ചിരുന്നു.

മാര്‍ച്ച് 27 നകം വിശദീകരണം ബോധിപ്പിക്കാനാണ് സര്‍ക്കാറിനിപ്പോള്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സര്‍ക്കാര്‍ വിശദീകരണം തള്ളി സെന്‍കുമാറിന് അനുകൂലമായി കോടതി വിധിച്ചാല്‍ നിലവിലെ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ തെറിക്കം.

ജൂണ്‍ വരെയാണ് സെന്‍കുമാറിന് വിരമിക്കാന്‍ കാലയളവ് ഉള്ളതെങ്കിലും മാറ്റി നിര്‍ത്തിയ കാലയളവ് കൂടി പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ബഹ്‌റയെ സംബന്ധിച്ച് അത് ഇരുട്ടടിയാവും.

സെന്‍കുമാറിന്റെ എതിരാളിയായി വിലയിരുത്തപ്പെടുന്ന ലോക് നാഥ് ബഹ്‌റക്ക് നിലവിലെ പദവിയില്‍ നിന്നും മാറി നില്‍ക്കുക എന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്.

സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവിയായി എത്തുകയാണെങ്കില്‍ അത് സര്‍ക്കാറിന്റെ പൊലീസ് ഭരണത്തേയും സാരമായി ബാധിക്കും. ഇപ്പോഴും സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ സ്വാധീനമാണ് അദ്ദേഹത്തിനുള്ളത്.

തന്നെ കഴിവുകെട്ടവനായി ചിത്രീകരിച്ച് പുറത്താക്കിയ നടപടിയാണ് ഹര്‍ജിയുമായി മുന്നോട്ട് പോവാന്‍ സെന്‍കുമാറിനെ പ്രേരിപ്പിച്ചിരുന്നത്.

സിഎടി തളളിയ ഹര്‍ജി ഹൈക്കോടതി കൂടി തള്ളിയതോടെ സെന്‍കുമാറിന് അനുകൂലമായ നിലപാട് ഇനി ഉണ്ടാകില്ലന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്.

എന്നാല്‍ സുപ്രീംകോടതി തന്നെ മതിയായ കാരണമില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ക്രമസമാധാന ചുമതലയില്‍ നിന്നും ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് നിര്‍ദ്ദേശിച്ചത് ചൂണ്ടി കാട്ടി സെന്‍കുമാര്‍ നടത്തിയ നീക്കം സര്‍ക്കാറിന്റെ സകല കണക്ക് കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.

അന്തിമ വിധി എന്തായിരിക്കുമെന്നതിനെ സംബന്ധിച്ച് കേരള പൊലീസ് മാത്രമല്ല രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും ഉറ്റുനോക്കുകയാണ്. സെന്‍കുമാറിന് അനുകൂലമായ വിധി ഉണ്ടായാല്‍ അത് ചരിത്രമാകും. മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും വിധി ബാധകവുമാകും.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി അംഗീകരിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തെറിപ്പിക്കുകയായിരുന്നു.

ജിഷ കൊലക്കേസ്, പുറ്റിങ്ങള്‍ വെട്ടിക്കെട്ട് അപകടം തുടങ്ങി ക്രമസമാധാന ചുമതലയിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം. ഈ വാദമാണ് ഹൈക്കോടതി അംഗീകരിച്ചിരുന്നത്.

സുപ്രീം കോടതിയില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച അപ്പീലില്‍ തന്റെ കാലത്ത് ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ നടന്നതെന്നും തന്നെ മാറ്റിയ ശേഷം ഒന്‍പത് കൊലപാതകങ്ങള്‍ നടന്നതായും ചൂണ്ടികാട്ടിയിരുന്നു.

തന്റെ നടപടി സിപിഎം കേന്ദ്രങ്ങളെ വലിയ തോതില്‍ ഭയപ്പെടുത്തിയിരുന്നുവെന്നും, സ്ഥലംമാറ്റ കാലാവധി പൂര്‍ത്തിയാക്കാത്ത ഒട്ടേറെ പൊലീസുകാരെ പിണറായി വിജയന്‍ അധികാരമേറ്റശേഷം സ്ഥലം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Top