ബംഗളുരു: കോൺഗ്രസിന് ആശ്വാസകരമേകുന്ന നടപടിയുയി കോടതി. കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ബി.എസ്. യെദിയൂരപ്പയ്ക്ക് തടസങ്ങളില്ലെങ്കിലും, സർക്കാർ രൂപീകരിക്കാൻ തങ്ങൾക്കു ഭൂരിപക്ഷമുണ്ടെന്ന് അറിയിച്ച് ഗവർണർക്കു മുന്നിൽ യെദിയൂരപ്പ ഹാജരാക്കിയ കത്ത് കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുമ്പോഴാണ് കത്ത് ഹാജരാക്കേണ്ടത്.
കോണ്‍ഗ്രസിനായി കേസ് വാദിച്ച മനു അഭിഷേക് സിംഗ്വിയുടെ ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത് . കോടതിയുടെ ഈ നിർദേശം എങ്ങനെ യെദിയൂരപ്പയെ ബാധിക്കുമെന്നത് കണ്ടറിയേണ്ട വസ്തുതയാണ്.കർണാടകയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ അർധരാത്രിയിൽ 2.08-നാണ് വാദം ആരംഭിച്ചത്. തുടക്കത്തിൽ ഗവർണരുടെ വാദം റദ്ദാക്കണമെന്നു വാദമുന്നയിച്ച സിംഗ്വി, ഒടുവിൽ ബി.എസ്.യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന വാദത്തിലേക്കു മാത്രമായി ഒതുങ്ങി. ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. കർണാടക സർക്കാരിനെയും കോടതി കേസിൽ കക്ഷിചേർത്തിട്ടുണ്ട്.