വാടകക്കാര്‍ അനധികൃതമായി തുടര്‍ന്നാല്‍, പുതുക്കിയ വാടക നഷ്ടപരിഹാരമായി നല്‍കണം: സുപ്രീംകോടതി

ഡൽഹി: കുടിയൊഴിക്കാനുള്ള ഉത്തരവിന് ശേഷവും വാടകക്കാർ സ്ഥലത്ത് തുടർന്നാൽ ഉടമസ്ഥർക്ക് ഇപ്പോൾ വാടകയിനത്തിൽ കിട്ടേണ്ട തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്ന് സുപ്രീംകോടതി. മുംബൈയിലെ സുമർ കോർപ്പറേഷനും വിജയ് ആനന്ദ് ഗംഗനും തമ്മിലുള്ള കേസിലാണ് വാടകക്കാർ നൽകേണ്ട നഷ്ടപരിഹാരത്തുക നിർണയിക്കുന്ന കാര്യത്തിൽ കോടതി വ്യക്തത വരുത്തിയത്.

മുംബൈ നഗരത്തിലെ കണ്ണായ സ്ഥലത്ത് , 1949 മുതൽ 30 വർഷത്തേയ്ക്ക് പാട്ടത്തിനെടുത്തതായിരുന്നു സ്ഥലം. പിന്നീട് 1968ൽ ഉപകരാർ വഴിയും വാടകക്കാരൻ സ്ഥലത്ത് തുടർന്നെങ്കിലും ഉടമ 1988ൽ മരിച്ചു.

പിന്നാലെ പിന്തുടർച്ചാവകാശികൾ സ്ഥലം ഒഴിപ്പിക്കൽ നടപടി തുടങ്ങി. അനുകൂല വിധിയും സമ്പാദിച്ചു. ഇതിന് ശേഷവും സ്ഥലത്ത് തുടർന്നതോടെ, വലിയ തുക നഷ്ടപരിഹാരമായി നൽകാൻ വിധിയുണ്ടായി. പ്രതിമാസം 2.5ലക്ഷം രൂപയായി തുക ഹൈക്കോടതി കുറച്ചതിനെതിരെയാണ് ഉടമ സുപ്രീംകോടതിയെ സമീപിച്ചത്. പഴയകാല വില പരിഗണിച്ച് നഷ്ടപരിഹാര നിർണയം പാടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.

Top