ന്യൂഡല്‍ഹി: അമ്പത് ശതമാനം വി.വി.പാറ്റ് എണ്ണേണ്ടതില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജി നല്‍കിയിരിക്കുന്നത് 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ്.
ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണുന്നതിനാണ് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. 50 ശതമാനം എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് വന്നത്. 50 ശതമാനം വോട്ടു രസീതുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
അതേസമയം, സുപ്രീംകോടതിയുടെ ഈ ഉത്തരവ് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് വീണ്ടും കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.