വിവി പാറ്റ്; പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: വിവി പാറ്റ് മെഷീനുകളില്‍ അമ്പത് ശതമാനം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.

ഹര്‍ജിയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കാമെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരിക്കുന്നത്. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആവശ്യം കോടതി തള്ളി കളഞ്ഞിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവി പാറ്റ് മെഷീനുകള്‍ എണ്ണിയാല്‍ മതിയെന്ന് ഉത്തരവിട്ട് കൊണ്ടാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കോടതി തള്ളിയത്.

എന്നാല്‍ ആന്ധ്രാപ്രദേശില്‍ ഉള്‍പ്പെടെ വ്യാപകമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടു നടന്നുവെന്നും അതിനാല്‍ ഉത്തരവ് പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണ് കോടതി ഫയലില്‍ സ്വീകരിച്ചത്.

Top