ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പ് കേസില്‍ സുപ്രീം കോടതിയില്‍ കെട്ടിവെക്കുന്ന തുകയുടെ ചെക്ക് മടങ്ങിയാല്‍ വീണ്ടും ജയിലില്‍ പോകേണ്ടിവരുമെന്ന് സഹാറ മേധാവി സുബ്രത റോയ്ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.
സുബ്രത റോയ് ജൂണ്‍ 15 നകം 1500 കോടി കെട്ടിവെക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതോടെ ജൂണിലും ജൂലായിലുമായി രണ്ട് ചെക്കുകള്‍ സമര്‍പ്പിക്കാമെന്ന് സുബ്രത റോയ് ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് ചെക്ക് മടങ്ങിയാല്‍ വീണ്ടും ജയിലില്‍ പോകേണ്ടിവരുമെന്ന മുന്നറിയിപ്പ് സുപ്രീം കോടതി നല്‍കിയത്.
നിക്ഷേപ തട്ടിപ്പ് കേസില്‍ 2014 ലാണ് സുബ്രത റോയ് അറസ്റ്റിലായത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അനധികൃത നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടതാണ് സുബ്രത റോയ്‌ക്കെതിരായ കേസ്. നിക്ഷേപകരില്‍നിന്ന് സ്വീകരിച്ച 24,000 കോടി തിരികെ നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
12000 കോടി മാത്രമാണ് സഹാറ ഇതുവരെ തിരിച്ചുനല്‍കിയത്. അവശേഷിക്കുന്ന തുകയില്‍ 5000 കോടി ഉടന്‍ കെട്ടിവെപ്പിക്കാനുള്ള നീക്കമാണ് സുപ്രീം കോടതി ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് 1500 കോടി ഉടന്‍ കെട്ടിവെക്കാന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നതിനുവേണ്ടി സഹാറയുടെ ആംബി വാലി ടൗണ്‍ഷിപ്പ് ലേലംചെയ്യാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.