ഈ കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയേയും പ്രതിക്കൂട്ടിലാക്കാനില്ല; ഡല്‍ഹി മദ്യനയക്കേസില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെയുള്ള പരാമര്‍ശത്തില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. ” ഈ കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയേയും പ്രതിക്കൂട്ടിലാക്കാനില്ല. തീര്‍ത്തും നിയമപരമായ ചോദ്യമാണ് ഉന്നയിച്ചത്” – സുപ്രീംകോടതി വ്യക്തമാ ക്കി.

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കവേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഉന്നയിച്ച ചോദ്യത്തിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതില്‍ ആം ആദ്മി പാര്‍ട്ടിക്കു (എഎപി) ഗുണം ലഭിച്ചെങ്കില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്കെതിരെ കുറ്റം ചുമത്താത്തതെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ഡല്‍ഹി മദ്യനയക്കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി കേസുകളില്‍ ജാമ്യം തേടിയാണു മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി.ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതില്‍ ഇഡിയുടെ മറുപടി തേടിയുള്ള വാദം തുടരുകയാണ്. ഇതില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു മറുപടി നല്‍കും.

Top