ഡല്‍ഹി: ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തര്‍ക്കവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈകോടതിയുടെ മുമ്പാകെയുള്ള നടപടികള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇരുഭാഗവും കേള്‍ക്കാതെ ഹൈകോടതി ഉത്തരവില്‍ ഇടപെടുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മഥുര കോടതിയില്‍ നിന്ന് അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റിയ ഉത്തരവ് ചോദ്യം ചെയ്ത് ഷാഹി മസ്ജിദ് ഈദ്ഗാഹ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്. തര്‍ക്കവുമായി ബന്ധപ്പെട്ട 18 ഹരജികള്‍ ഹൈകോടതി മുമ്പാകെയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മഥുരയില്‍നിന്ന് അലഹബാദിലേക്ക് 600 കിലോമീറ്റര്‍ ദൂരമുള്ളതിനാല്‍ യാത്രക്കാവശ്യമായ സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. രണ്ടോ മൂന്നോ മണിക്കൂര്‍കൊണ്ട് എത്താമെന്നതിനാല്‍ ഹരജികള്‍ ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും പരാതിക്കാര്‍ പറഞ്ഞു. ഡല്‍ഹി കോടതിയില്‍ ഇപ്പോള്‍തന്നെ കേസുകളുടെ അമിതഭാരമുള്ളതിനാല്‍ ഇക്കാര്യം പരിഗണിക്കുക ബുദ്ധിമുട്ടാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി ജനുവരി 9ന് പരിഗണിക്കാന്‍ മാറ്റി.