യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം കോടതി ഇന്ന് വിളിച്ചുവരുത്തും

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം കോടതി ഇന്ന് വിളിച്ചുവരുത്തും. മലിനീകരണം കുറക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും.

കഴിഞ്ഞദിവസം അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാറുകള്‍ക്കാണെന്നും ചീഫ് സെക്രട്ടറിമാരും പഞ്ചായത്ത് അധ്യക്ഷന്മാരും നടപടി നേരിടുകയാണ് വേണ്ടതെന്നുമടക്കമുള്ള പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്.

കര്‍ഷകര്‍ വയലുകള്‍ കത്തിക്കുന്നത് തടയാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും. തങ്ങളുടെ ഉപജീവനത്തിന് വേണ്ടി മറ്റുളളവരെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അധികാരമില്ലെന്നും കത്തിക്കല്‍ തുടര്‍ന്നാല്‍ യാതൊരു ദയയും കര്‍ഷകര്‍ക്ക് ഉണ്ടാവില്ലെന്നും കോടതി താക്കീത് ചെയ്തിരുന്നു.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് മലിനീകരണം തടയാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Top