ന്യൂഡൽഹി : ശ്രീരാമന്‍റെ ജന്മസ്ഥലമായ അയോധ്യയിൽ മുസ്ലിം പള്ളി പണി കഴിപ്പിച്ചതിലൂടെ വിക്ടോറിയൻ ചക്രവർത്തി ആയിരുന്ന ബാബർ ചരിത്രപരമായ തെറ്റാണ് ചെയ്തതെന്ന് സുപ്രീം കോടതിയിൽ ഹിന്ദുകക്ഷി. രാമ ജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് ചൊവ്വാഴ്ച കോടതി പരിഗണിച്ചപ്പോഴാണ് ഹിന്ദുകക്ഷി ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്.
രാമജന്മഭൂമിയില്‍ വിദേശത്ത് നിന്നെത്തി ഇന്ത്യ കീഴടക്കിയ ഭരണാധികാരി പള്ളി നിര്‍മിച്ചത് തെറ്റാണെന്ന് രാം ലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ പരാശരന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
ഒരു വിദേശ ഭരണാധികാരിക്ക് ഇന്ത്യയില്‍ വന്ന് ഞാന്‍ ബാബര്‍, ഞാനാണ് നിയമം എന്ന് പറയാന്‍ സാധിക്കില്ല. ശക്തരായ ഹിന്ദു ഭരണാധികാരികള്‍ ഉണ്ടായിട്ട് പോലും മറ്റ് രാജ്യങ്ങളില്‍ അധിനിവേശം നടത്തിയതിന് ഉദാഹരണങ്ങളില്ല. അയോധ്യ കേസില്‍ ഈ ഭാഗം പ്രധാനപ്പെട്ടതാണെന്നും അഭിഭാഷകന്‍ വാദിച്ചു. മുസ്ലിം വിശ്വാസികള്‍ക്ക് എവിടെയും പ്രാര്‍ത്ഥിക്കാം. അയോധ്യയില്‍ തന്നെ 50-60 പള്ളികളുണ്ട്. എന്നാല്‍, ഹിന്ദുക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. ശ്രീരാമന്റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ലന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംകള്‍ക്ക് എല്ലാ പള്ളികളും തുല്യമാണ്. രാമജന്മഭൂമിക്ക് വേണ്ടി ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആ കെട്ടിടം മുസ്ലിം പള്ളിയാണ്. അത് പൊളിച്ചു കളഞ്ഞെങ്കില്‍ നമുക്ക് എന്ത് ചെയ്യാനാകുമെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. ഹിന്ദു നിയമത്തിന്റെയും ഇംഗ്ലീഷ് നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഭാഗം പരിശോധിക്കണമെന്ന് പരാശരന്‍ മറുപടി നല്‍കി.
40 ദിവസമായി തുടരുന്ന അയോധ്യ ഭൂമി തര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ ബുധനാഴ്ച അവസാനിക്കുകയാണ്. എല്ലാ കക്ഷികകള്‍ക്കും വാദിക്കാനായി ഇനി 45 മിനിറ്റ് വീതം സമയം മാത്രമെ നല്‍കൂവെന്നും കോടതി പറഞ്ഞു.
ഇന്ന് ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥന്റെ വാദം തടസ്സപ്പെടുത്താന്‍ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ശ്രമിച്ചത് കോടതിയില്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി. ചീഫ് ജസ്റ്റിസ് ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്.