അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി; വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: അലഹബാദിന്റെ പേര് മാറ്റിയതില്‍ വിശദീകരണം തേടി ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. അലഹബാദിന്റെ പേര് യോഗി സര്‍ക്കാര്‍ പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

അലഹബാദ് ഹെറിറ്റേജ് സൊസൈറ്റി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ പേര് മാറ്റിയതിന്റെ സാധുത ചോദ്യം ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിന് കീഴിലുള്ള റെയില്‍വേ സ്‌റ്റേഷന്‍, കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപാനങ്ങള്‍ എന്നിവയുടെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചരിത്രപ്രധാന്യമുള്ള അലഹബാദ് നഗരത്തിന്റെ പേര് മാറ്റിയ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടിക്കെതിരെ വന്‍ വിമര്‍ശനവും വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ തീരുമാനത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Top