Supremecopurt-kerala high court

ന്യൂഡല്‍ഹി: മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശം. ഇല്ലാത്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത് എന്തിനാണെന്ന് സുപ്രിം കോടതി ചോദിച്ചു.

പരിശീലനം നല്‍കിയ എല്ലാവര്‍ക്കും നിയമനം നല്‍കണമെന്ന ഹൈക്കോടതിയുടെ ആവശ്യം തള്ളി. അതേസമയം, 2013 വരെയുള്ള ഒഴിവുകളിലേക്ക് നിയമനം നടത്താമെന്ന് സുപ്രിം കോടതി പറഞ്ഞു.

2013ലാണ് ജുഡിഷ്യല്‍ നിയമനത്തിനായി 36 പേര്‍ക്കുള്ള തസ്തികകള്‍ക്കായി 66 പേരെ കേരള ഹൈക്കോടതി തെരഞ്ഞെടുത്തത്. ഗ്രാമീണ കോടതികള്‍ സ്ഥാപിക്കുമെന്നും, ബാക്കി വരുന്നവരെ അതിലേക്ക് നിയമിക്കാമെന്നുമായരുന്നു കോടതി കണക്ക് കൂട്ടിയത്.

എന്നാല്‍ ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാനായില്ല. അധികം തെരഞ്ഞെടുത്ത 30 പേര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കിയിട്ടും ജോലി ലഭിക്കാതെയായി. ഈ സാഹചര്യത്തില്‍, 2014-15 വര്‍ഷത്തേക്കുള്ള ജൂഡീഷ്യല്‍ നിയമന പരീക്ഷയില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി സുപ്രിം കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

ഇല്ലാത്ത ഒഴിവുകളിലേക്ക് എന്ത് അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ ക്ഷണിച്ചതെന്ന് കോടതി ചോദിച്ചത്. ഹൈക്കോടതിയുടെ പിഴവിന് ഉദ്യോഗാര്‍ത്ഥികളെ ബലിയാടാക്കിയെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി.

2013ലെ 36 ഒഴിവുകളിലേക്ക് നിയമനം നടത്താം. ബാക്കി 30 പേരെ 2014-15 വര്‍ഷത്തെ ഒഴിവുകളിലേക്ക് നിയമിക്കാന്‍ അനുവദിക്കണമെന്ന ഹൈക്കോടതിയുടെ ആവശ്യം സുപ്രിം കോടതി തള്ളി. 2014-15 വര്‍ഷത്തെ ഒഴിവുകളിലേക്ക് പുതുതായി അപേക്ഷകള്‍ ക്ഷണിച്ച്, നിയമനം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

Top