ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിമര്‍ശകരുടെ വായ്മൂടിക്കെട്ടാനുള്ള രാഷ്ട്രീയ ആയുധമായി അപകീര്‍ത്തി കേസുകളെ ഉപയോഗിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീംകോടതി. അപകീര്‍ത്തി കേസില്‍ ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിനും ഭാര്യ പ്രേമലതയ്ക്കുമെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് സ്റ്റേ ചെയ്തുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
സര്‍ക്കാരില്‍ അഴിമതിയുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ ഉടനടി അപകീര്‍ത്തി കേസ് കൊടുക്കാന്‍ കഴിയില്ല. വിമര്‍ശനങ്ങളോട് സഹിഷ്ണുത കാണിക്കണം. അപകീര്‍ത്തി കേസ് രാഷ്ട്രീയ ആയുധമാക്കരുത്. സര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്നവരെ കേസെടുക്കുന്നത് ഭയം പരത്തുമെന്നും ജസ്റ്റീസ് ദീപക് മിശ്രയും ആര്‍എഫ് നരിമാനും അടങ്ങുന്ന സുപ്രീംകോടതി ബഞ്ച്
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസുകളുടെ പട്ടിക രണ്ടാഴ്ച്ചക്കുള്ളില്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
അഭിപ്രായഭിന്നതയുള്ളവരുടെ വായ്മൂടിക്കെട്ടാല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ അപകീര്‍ത്തി കേസുകളെ കുറിച്ച് പരാമര്‍ശിക്കുന്ന വകുപ്പ് ഉപയോഗിക്കരുത്. അപകീര്‍ത്തി കേസ് നല്‍കി വ്യക്തികളെ നിരന്തരം വേട്ടയാടാന്‍ ശ്രമിച്ചാല്‍ കോടതിക്ക് ഇടപേണ്ടതായി വരുമെന്നും സുപ്രീംകോടതി ബഞ്ച് പറഞ്ഞു.
ബുധനാഴ്ച്ച തിരുപ്പൂര്‍ വിചാരണ കോടതി വിജയ്കാന്തിനും ഭാര്യയ്ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു വാറണ്ട്. ജയലളിതയ്‌ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശം നടത്തിയെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുവെന്നും കാട്ടി കഴിഞ്ഞവര്‍ഷം നവംബറിലാണ് വിജയ്കാന്തിനും ഭാര്യയ്ക്കുമെതിരെ തിരുപ്പൂരിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് നല്‍കിയത്.