suprime court order

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് 6000 ഘന അടി ജലം വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയ്ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം.

നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കകം കോടതി നിര്‍ദ്ദേശിച്ച ജലം വിട്ടു കൊടുത്തില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്രയും യു.യു. ലളിതും ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.

ഈ മാസം ഒന്നിനാണ് ജലം വിട്ടു കൊടുക്കുന്നതിന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍, ജലം വിട്ടു കൊടുക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് കര്‍ണാടക.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നിരന്തരം ലംഘിക്കുന്ന കര്‍ണാടകയുടെ നടപടിയില്‍ ഡിവിഷന്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഭരണഘടന അനുശാസിക്കും വിധം നിയമവാഴ്ചയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കാന്‍ കോടതിക്കാവും. 144 -)o വകുപ്പ് പ്രകാരം രാജ്യത്തെ എല്ലാ അധികാര കേന്ദ്രങ്ങളും സുപ്രീംകോടതി ഉത്തരവ് അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

അതേസമയം, കാവേരി മാനേജ്‌മെന്റ് രൂപീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇത്തരമൊരു സമിതി രൂപീകരിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ലെന്നും പാര്‍ലമെന്റാണ് അതിന് അധികാരമുള്ളതെന്നും കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു.

ഇന്ന് ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

കോടതി നിര്‍ദ്ദേശ പ്രകാരം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചാല്‍ അത് പാര്‍ലമെന്റിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവും. മാത്രമല്ല, അത് സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

കാവേരി ബോര്‍ഡ് രൂപീകരിക്കാമെന്ന് കേന്ദ്രം സെപ്തംബര്‍ 30ന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതി ഉത്തരവിനെതിരെ കര്‍ണാടക പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

കാവേരിയില്‍ നിന്ന് ജലം വിട്ടു കൊടുക്കാനുള്ള ഉത്തരവും ബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനവും 2012ലെ ദേശീയ ജലനയത്തിന്റെ ലംഘനമാണെന്നാണ് കര്‍ണാടകയുടെ വാദം. നയം അനുസരിച്ച് കര്‍ണാടകയ്ക്കാണ് ജലത്തിന്റെ പ്രഥമ പരിഗണന. അതിനുശേഷം മാത്രമെ മറ്റു സംസ്ഥാനങ്ങളുടെ പ്രശ്‌നം ഉദിക്കുന്നുള്ളൂ എന്നുമാണ് കര്‍ണാടക പറയുന്നത്.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് എന്നത് കോടതിയുടെ നിര്‍ദ്ദേശം മാത്രമാണെന്ന് പറഞ്ഞ എ.ജി കേന്ദ്രത്തിന് അത് സ്വീകരിക്കാനും നിരസിക്കാനും അവകാശമുണ്ടെന്ന് വ്യക്തമാക്കി. എന്നാല്‍ കോടതി ഉത്തരവ് പാലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചില്ലേയെന്നായിരുന്നു ജസ്റ്റീസ് മിശ്രയുടെ ചോദ്യം.

കാവേരി പ്രശ്‌നം സംബന്ധിച്ച മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ച കോടതി ഭരണഘനടയിലെ ആര്‍ട്ടിക്കിള്‍ 262 നെ സര്‍ക്കാര്‍ മനസിലാക്കിയിരിക്കുന്നത് തെറ്റായാണെന്ന് ചൂണ്ടിക്കാട്ടി.

അന്തര്‍സംസ്ഥാന നദീ തര്‍ക്കം സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 262 ലെ സെക്ഷന്‍ 11 പ്രകാരം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നായിരുന്നു എ.ജിയുടെ വാദം.

അതിനിടെ കാവേരി മാനേജ്‌മെന്റ് ബോര്‍ഡിലേക്ക് പ്രതിനിധിയെ നിശ്ചയിച്ചതായി കേരളം കോടതിയെ അറിയിച്ചു. ജലവിഭവ വകുപ്പിലെ ചീഫ് എഞ്ചിനിയര്‍ വി.കെ.മനുദേവനാണ് കേരളത്തിന്റെ പ്രതിനിധി.

കേരളത്തെ കൂടാതെ കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളോട് പ്രതിനിധികളെ നിശ്ചയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കാവേരി ടെക്‌നിക്കല്‍ സെല്‍ ചെയര്‍മാന്‍ ആര്‍.സുബ്രഹ്മണ്യമാണ് തമിഴനാടിന്റെ പ്രതിനിധി

Top