താടിക്കാരനില്ലാത്ത വിഷു, പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയട്ടെ: സുപ്രിയ

കൊറോണ ഭീതിയ്ക്കിടയിലാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ ഈ വര്‍ഷത്തെ വിഷു. പലരും കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കുമ്പോള്‍ ഒന്നിച്ച് ആഘോഷിക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ് പലരും. ഇപ്പോഴിതാ വിഷു ദിനത്തില്‍ പ്രിയപ്പെട്ടവന്‍ അടുത്തില്ലാത്ത സങ്കടം പങ്കുവയ്ക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍.

കഴിഞ്ഞ വര്‍ഷം വിഷുവിന് ഒന്നിച്ചെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് സുപ്രിയയുടെ പോസ്റ്റ്. ‘കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിച്ച അനേകം പേരുടെ കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു അന്നത്തെ ഉച്ചഭക്ഷണം. കൊറോണ വൈറസും അതിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ലോകത്തിന്റെ പല കോണുകളില്‍പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. സുപ്രിയ കുറിച്ചു

ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ സംഘാംഗങ്ങള്‍ തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങിയിരിക്കുകയാണ്.

Top