താങ്കളുടെ വിവരമില്ലായ്മയാണോ ഇവിടെ പ്രകടമാകുന്നത്; സ്മൃതി ഇറാനിയെ വിമര്‍ശിച്ച് സുപ്രിയ ശ്രിനാതെ

ഡല്‍ഹി: ആഗോള പട്ടിണിസൂചികയെ പരിഹസിച്ചുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം വിവാദത്തില്‍. ആഗോള പട്ടിണി സൂചികയെക്കുറിച്ചുള്ള താങ്കളുടെ വിവരമില്ലായ്മയാണോ ഇവിടെ പ്രകടമാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ സമൂഹമാദ്ധ്യമത്തില്‍ പ്രതികരിച്ചു.

വനിതാ ശിശുക്ഷേമ മന്ത്രിയില്‍ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായത് അമ്പരിപ്പിക്കുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യത്തിലേക്കുള്ള അളവുകോലുകളാണ് ഇത്തരം സൂചകങ്ങള്‍. ഇതുപോലുള്ള പദവിയിലിരുന്ന് പട്ടിണി വിഷയത്തെ കേന്ദ്രമന്ത്രി പുച്ഛിക്കരുതെന്നും ശ്രിനാതെ പറഞ്ഞു.

ആഗോള പട്ടിണിസൂചിക അടക്കമുള്ള സൂചകങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യന്‍ ചിത്രം കാണിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈദരബാദില്‍ നടന്ന ഫിക്കി സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി പറഞ്ഞത്. 140 കോടി ജനങ്ങളില്‍ നിന്ന് 3000 പേരെ ഫോണില്‍ വിളിച്ച് നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാണ് ഇത്തരം സൂചകങ്ങള്‍ ഉണ്ടാക്കുന്നത്.

ഡല്‍ഹിയിലെ എന്റെ വീട്ടില്‍ നിന്ന് രാവിലെ നാലിന് പുറപ്പെട്ട് അഞ്ച് മണിക്കുള്ള ഫ്‌ളൈറ്റില്‍ ഞാന്‍ കൊച്ചിയില്‍ ഒരു കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ പോയി. പത്ത് മണിയായിട്ടും ഭക്ഷണമൊന്നും കിട്ടാത്ത എന്നോട് ആ സമയത്ത് ആരെങ്കിലും ഫോണില്‍ വിളിച്ച് താങ്കള്‍ക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട് എന്നേ ഞാന്‍ പറയൂ എന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.

Top