നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിക്കടിയിലേക്ക് പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കായംകുളം: കായംകുളത്ത് കെ പി റോഡില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് ടാങ്കര്‍ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറി യുവാവിന് ദാരുണാന്ത്യം. ചുനക്കര കൊച്ചയ്യത്ത് സ്വപ്ന ഭവനത്തിൽ സോമൻ നായരുടെ മകൻ സൂരജ് (21) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് കായംകുളത്ത് കെ പി റോഡില്‍ പൊലീസ് സ്റ്റേഷന് കിഴക്ക് കാദീശാ പള്ളിക്ക് സമീപമായിരുന്നു അപകടം.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ആറാട്ടുപുഴ വലിയഴീക്കല്‍ പുത്തന്‍പമ്പില്‍ സുധീഷ് (28) റോഡിലേക്ക് തെറിച്ച് വീണ് നിസ്സാരമായി പരിക്കേറ്റു. കായംകുളത്തെ ആലുംമൂട്ടില്‍ വെഡിംങ്ങ് കാസില്‍ എന്ന സ്വര്‍ണ്ണ വ്യാപാരശാലയിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തില്‍ നിന്നും കായംകുളം പോസ്റ്റ് ഓഫീസിലേക്ക് പോകും വഴിയായിരുന്നു അപകടം.

കെ പി റോഡരുകിലെ കുഴിയില്‍ നിരത്തിയിരുന്ന കല്ലുകളില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് അതെ ദിശയില്‍ പോകുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. സൂരജ് ടാങ്കര്‍ ലോറിക്ക് അടിയില്‍പ്പെട്ടു. സുധീഷ് റോഡിന്റെ എതിര്‍വശത്തേക്ക് തെറിച്ച് വീണു. ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സൂരജിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Top