ഏതൊരു കലാകാരനും ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് അവാര്‍ഡ്. തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരത്തേക്കാള്‍ പ്രിയപ്പെട്ട അച്ഛന്റെ ചുംബനത്തില്‍ വികാരനിര്‍ഭരനായിരിക്കുകയാണ് സുരാജ് ഇപ്പോള്‍. ഹാപ്പിനെസ് പ്രൊജക്ടിലാണ് സുരാജ് ആ കഥ പങ്കുവെച്ചത്.
‘ദേശീയ പുരസ്‌കാരം വാങ്ങി വീട്ടിലേക്ക് ചെല്ലുമ്പോള്‍ നാട്ടുകാര്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ രണ്ട് വരിയായി വഴിവക്കത്ത് നില്‍ക്കുന്നു. എന്നെ കാണാനേ… എന്റെ കണ്ണു നിറഞ്ഞു. വീട്ടിലെത്തിയപ്പോ അയല്‍പ്പക്കക്കാരും കൂട്ടുകാരും ബന്ധുക്കളും വരുന്നു. എന്നെ കെട്ടിപ്പിടിയ്ക്കുന്നു, ഉമ്മ വെയ്ക്കുന്നു.
ഞാന്‍ തിരഞ്ഞു; അച്ഛനെവിടെ? ഈ കാലം വരെ അച്ഛനെന്നെ മോനേ എന്നു വിളിച്ചിട്ടില്ല. ഉമ്മ വെച്ചിട്ടില്ല. ഒന്നും പ്രകടിപ്പിക്കുന്ന സ്വഭാവക്കാരനല്ല. എനിക്കറിയാം. പക്ഷേ അപ്രതീക്ഷിതമായി അച്ഛന്‍ എന്നെ മോനേ എന്നു വിളിച്ച് കെട്ടിപ്പിടിച്ച് എനിക്കൊരു ഉമ്മ തന്നു. എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. എനിക്ക് തോന്നി; ഒരു പുരസ്‌കാരത്തിനും ഇത്ര മധുരമില്ല’.
അച്ഛന്‍ എന്റെ ഹീറോ ആണ്. അതിനുമപ്പുറം എനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെയാണ്. മാതാ പിതാ ഗുരു ദൈവം. അത് കഴിഞ്ഞിട്ടേ ദൈവത്തിന് സ്ഥാനമുള്ളൂ.