ജനിച്ച് 2 മണിക്കൂറിനുള്ളില്‍ നവജാതശിശു സ്വന്തമാക്കിയത് ആധാറടക്കമുള്ള രേഖകള്‍

സൂറത്ത്: ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ കിട്ടണമെങ്കില്‍ എന്ത് ചെയ്യണം, അതിന് കുറച്ച് നൂലാമാലകള്‍ ഉണ്ട്, കുറച്ച് സമയം പിടിക്കും എന്നൊക്കെയാകും ഈ ചോദ്യം കേള്‍ക്കുന്നവര്‍ ആദ്യം നല്‍കുന്ന ഉത്തരം.

എന്നാല്‍ ജനിച്ച് വെറും രണ്ട് മണിക്കൂര്‍ കഴിയുന്നതിനുള്ളില്‍ ഇവയെല്ലാം സ്വന്തമാക്കി ഒരു കൊച്ച് മിടുക്കിയുണ്ട്. ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള അങ്കിത് നഗറാനി ഭൂമി നഗറാനി ദമ്പതികളുടെ മകള്‍ രമ്യയാണ് ഈ അപൂര്‍വ്വ ഭാഗ്യത്തിന് അര്‍ഹയായത്.

ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകള്‍ ജനിച്ച് വെറും രണ്ട് മണിക്കൂറിനുള്ളിലാണ് രമ്യയ്ക്ക് അധികൃതര്‍ നല്‍കിയത്. ഇന്ത്യയില്‍ ഈ രേഖകളെല്ലാം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് രമ്യ. ഡിസംബര്‍ 12നാണ് രമ്യയുടെ ജനനം.

തങ്ങള്‍ക്ക് പിറക്കുന്ന കുഞ്ഞിനെ പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എല്ലാ വ്യക്തിഗത രേഖകളുമുള്ള ഇന്ത്യയിലെ ആദ്യത്തെ പെണ്‍കുട്ടി തന്റെ മകളായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അധികൃതരുടെ സഹായത്തോടെ തന്റെ ആഗ്രഹം സഫലീകരിച്ചതെന്നും അങ്കിത് പറയുന്നു.

ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ നടത്തിയിരുന്നു. ആദ്യമായി ജനന സര്‍ട്ടിഫിക്കറ്റായിരുന്നു ഒരുക്കിയത്. പിന്നീട് പുറകെ ഓരോ രേഖകള്‍ക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് രമ്യയുടെ അമ്മ ഭൂമി നഗറാനി പറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ മഹാരാഷ്ട്രയിലെ ദമ്പതികള്‍ കുഞ്ഞ് ജനിച്ച് 1.48 മിനിട്ടിനുള്ളില്‍ കുഞ്ഞിന്റെ പേര് ആധാറില്‍ ചേര്‍ത്തിരുന്നു. സാച്ചി എന്നായിരുന്നു കുട്ടിയുടെ പേര്.

Top