പത്രികയില്‍ ഗുരുതര പിഴവ്; സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതി, പുതിയ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നല്‍കിയ പത്രികയില്‍ ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതോടെയാണ് നേതാവ് കുരുക്കിലായത്. നേരത്തെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഴുവന്‍ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല.

ഇപ്പോള്‍ പുതിയ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. പുതിയ കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ പത്രികയാണ് സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം മുപ്പതിനാണ് സുരേന്ദ്രന്‍ ആദ്യ
പത്രിക സമര്‍പ്പിച്ചത്. സമന്‍സായും വാറണ്ടായും തനിക്ക് അറിയിപ്പ് ലഭിച്ച 20 കേസുകളെപ്പറ്റിയാണ് ഇതില്‍ സുരേന്ദ്രന്‍ സൂചിപ്പിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ 29ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ സുരേന്ദ്രനെതിരെ നിരവധി കള്ളക്കേസുകള്‍ എടുത്തുവെന്നും പാര്‍ട്ടി പറയുന്നു.

Top