തിരുവനന്തപുരം: കേരളത്തിലെ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ മാറ്റില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി വൃത്തങ്ങള്‍. ദേശീയ നേതൃത്വം കെ.സുരേന്ദ്രന് താത്കാലിക പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം പാര്‍ട്ടിയില്‍ പുനഃസംഘടന നടത്തുമെന്നാണ് സൂചന.
കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പുന:സംഘടന നടത്താനുള്ള നീക്കങ്ങള്‍ കേന്ദ്രം ആലോചിച്ചിരുന്നു. അപ്പോഴാണ് കൊടകരയിലെ കുഴല്‍പ്പണ കേസ് വിവാദമാകുന്നത്. തുടക്കത്തിലെ സാഹചര്യം മാറുകയും തുടര്‍ദിവസങ്ങളില്‍ ബി.ജെ.പി കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ കേന്ദ്ര നേതൃത്വം തീരുമാനം നീട്ടുകയായിരുന്നു എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിനും അതിനുശേഷമുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി പരാതികളാണ് കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയത്. സി.വി ആനന്ദബോസ് പ്രധാനമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണുളളത്. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതോടെയാകും കേന്ദ്ര നേതൃത്വം കടുത്ത നടപടികളിലേക്ക് കടക്കുക എന്ന് വിശ്വസിക്കുന്നു.