പട്ടാള ചിത്രങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കുടുംബ ചിത്രമൊരുക്കാൻ തയാറായി മേജർ രവി. ഇക്കുറി മലയാളത്തിന്റെ ആക്ഷൻ കിങ് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ആശ ശരത്തുമാണ് നായികാ നായകന്മാരായി എത്തുന്നത്. ആദ്യ ചിത്രം കീർത്തിചക്ര മുതൽ ഒടുവിൽ പുറത്തിറങ്ങിയ 1971 ബിഹൈന്റ് ദ ബോർഡർ വരെ പട്ടാളക്കാരുടെ ജീവിതവും അനുഭവങ്ങളുമാണ് മേജർ രവി കഥാ പശ്ചാത്തലമാക്കിയിരുന്നത്. പുതിയ ചിത്രത്തിൽ അതിൽ നിന്നെല്ലാം മാറി സഞ്ചരിക്കുകയാണ് അദ്ദേഹം.
മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം രണ്ടു ബാല്യകാല സുഹൃത്തുക്കൾ ഒരു ഫംഗ്ഷനിൽ വച്ച് കണ്ടുമുട്ടുന്നതും പിന്നീട് അവർ അവരുടെ ഓർമ്മകളിലേക്ക് തിരികെ നടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പുതിയ ചിത്രത്തിന്റെ പശ്ചാത്തലം.
സുരേഷ് ഗോപിയുടെയും ആശാ ശരത്തിന്റെയും ബാല്യ കാലത്തിന് ഒരു പ്രധാന പങ്കു ചിത്രത്തിൽ ഉണ്ടാകുമെന്ന് മേജർ രവി അറിയിച്ചു. കൂടാതെ ചിത്രത്തിന് ഒരു തരത്തിലുള്ള മിലിറ്ററി കണക്ഷനും ഇല്ലെന്നും നായകൻ ആയിട്ടുള്ള സുരേഷ് ഗോപി തന്റെ ഗ്രാമത്തിൽ നിന്നും ഉന്നതപഠനത്തിനായി പോകുന്നതും പിന്നീട് അദ്ദേഹം സമൂഹത്തിൽ നല്ലൊരു പദവിയിൽ ഇരിക്കുന്നതും തുടർന്ന് ഒരു ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം എന്നു മേജർ രവി പറഞ്ഞു.
മേജർ രവിയുടെ മകൻ അർജുൻ ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. നിലവിൽ പേരിടാത്ത ചിത്രം പാലക്കാട് ചിത്രീകരിക്കാനാണ് അണിയറ നീക്കം. പാലക്കാടിന്റെ ഗ്രാമപ്രദേശങ്ങളിൽ പഴയകാല രംഗങ്ങളായിരിക്കും കൂടുതലും ചിത്രീകരിക്കുക.