സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡൻ’ ചിത്രീകരണം തുടങ്ങുന്നു

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡൻ’. അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. മിഥുൻ മാനുവൽ തോമസ്സിന്റേതാണ് തിരക്കഥ. സുരേഷ് ഗോപി ചിത്രം 12ന് തുടങ്ങുമെന്നാണ് പുതിയ വാര്‍ത്ത.

മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കി ഏറെ പ്രശസ്‍തനാണ്. ‘കടുവ’ എന്ന ചിത്രത്തിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന പ്രചാരം നേടിയ ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോ, ‘കാപ്പ’യിലെ ഒരു പ്രമോ സോംങ് എന്നിവ ഷൂട്ടു ചെയ്‍തതും അരുൺ വർമ്മയാണ്. ‘ഗരുഡൻ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. ശ്രീജിത്ത് സാരംഗാണ് ചിത്രത്തിന്റെ എഡിറ്റര്‍. തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ‘ഗരുഡൻ’ നിയമയുദ്ധത്തിന്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. നിയമത്തിന്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും. സുരേഷ് ഗോപിയും ബിജു മേനോനും നിയമയുദ്ധത്തിന്റെ വക്താക്കളായി അങ്കം കുറിക്കുമ്പോൾ, മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള, മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സൻ പെടുത്താസ്. മേക്കഷ് റോണക്സ് സേവ്യർ ആണ്. കോസ്റ്റ്യും ഡിസൈൻ സ്റ്റെഫി സേവ്യർ, പിആര്‍ഒ വാഴൂര്‍ ജോസ്.

Top