കൊച്ചി: തൃശൂരില്‍ പ്രവര്‍ത്തകരോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി സുരേഷ് ഗോപി. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേര്‍ക്കാത്തതിലാണ് പ്രവര്‍ത്തകരെ ശാസിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രവര്‍ത്തകരെ ശാസിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അതിനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുപ്രചരണങ്ങളില്‍ തളരില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രവര്‍ത്തകരോടും നേതാക്കളോടും ക്ഷുഭിതനായത്. പ്രചാരണത്തിന് എത്തിയ സ്ഥലത്ത് ആളു കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാഞ്ഞതുമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. ഇങ്ങനെയാണെല്‍ മത്സരത്തിനില്ലെന്നും തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി ഭീഷണി മുഴക്കി.
വോട്ടര്‍പട്ടികയില്‍ 25 പേരുടെ പേര് ഇനിയും ചേര്‍ക്കാന്‍ ഉണ്ടെന്ന് വിവരം അറിഞ്ഞതോടെ സുരേഷ് ഗോപി പൊട്ടിത്തെറിച്ചു. താന്‍ നോമിനേഷന്‍ കൊടുത്തിട്ടില്ലെന്നും വേണ്ടിവന്നാല്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നുമായിരുന്നു ഭീഷണി. ഒടുവില്‍ ഇന്നു തന്നെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇടപെടല്‍ നടത്താമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയശേഷം സുരേഷ് ഗോപിയെ അനുനയിപ്പിച്ച് തുടര്‍ പരിപാടികള്‍ക്ക് കൊണ്ടുപോവുകയായിരുന്നു.