കൊല്ലം: സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകന്‍ കമല്‍. സുരേഷ് ഗോപിയെ നയിക്കുന്നത് സവര്‍ണബോധമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് എന്‍ജിഒ യൂണിയന്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാണദ്ദേഹം.
‘എന്റെ സഹപ്രവര്‍ത്തകനായ, ഈ കൊല്ലത്തുകാരനായ, വലിയ നടന്‍ പറഞ്ഞതെന്താണ് അടുത്ത ജന്മത്തില്‍ എനിക്ക് ബ്രാഹ്‌മണനായി ജനിക്കണമെന്ന്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് നിര്‍ദേശിച്ച ആ മനുഷ്യനേപ്പോലെ തന്നെ അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി എന്റെ സുഹൃത്ത് മാറിയതില്‍ നമുക്ക് ലജ്ജയുണ്ട്. അദ്ദേഹത്തെ നയിക്കുന്നത് സവര്‍ണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് എന്നുപോലും മറന്നുകൊണ്ട്, അദ്ദേഹത്തിന്റെ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ അത്രമാത്രമായിക്കഴിഞ്ഞു. അതാണ് സംഘപരിവാറിന്റെ പ്രശ്‌നമെന്ന് പറയുന്നത്. അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ ഒരുപക്ഷേ, നടന്‍ ഭീമന്‍ രഘുവിനെപ്പോലെ അദ്ദേഹം കൈയുംകെട്ടി എഴുന്നേറ്റു നില്‍ക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്‍പില്‍ ഇങ്ങനെ ഭക്തി കാണിക്കുന്നതു ശരിയല്ല, അത് അശ്ലീലമാണെന്ന് ഭീമന്‍ രഘുവിനു മനസ്സിലായിട്ടില്ല. കാരണം അദ്ദേഹം ഏറെക്കാലം മറ്റേ പാളയത്തിലായിരുന്നു.
സിനിമാക്കാര്‍ എന്ന രീതിയില്‍ നമ്മളൊക്കെ ലജ്ജിക്കുകയാണ് ഭീമന്‍ രഘുവിന്റെ നില്‍പ്പ് കാണുമ്പോള്‍. നമ്മുടെ കലാകാരന്മാരുടെ ഇത്തരം ചില അഭിപ്രായ പ്രകടനങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നുകയാണ്. കാരണം ഇവര്‍ക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഏതു രീതിയിലാണു കിട്ടുന്നത് എന്ന് ആലോചിക്കുകയാണ്. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ തലമുറ മനസ്സിലാക്കണം. നമ്മള്‍ സ്വപ്നം കണ്ടിരുന്നൊരു ഇന്ത്യയുണ്ട്. ഗാന്ധിജിയും അംബേദ്കറും നെഹ്‌റുവുമൊക്കെ നമുക്ക് സംഭാവന ചെയ്തത ഒരു ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ടെന്നതാണ് സത്യം’, എന്ന് കമല്‍ പറഞ്ഞു.