തൃശൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തെ തള്ളി സുരേഷ് ഗോപി. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാണെന്നും തന്റെ ശത്രുവല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗം സംബന്ധിച്ച ചോദ്യത്തിന് അത് അവരോട് ചോദിക്കണം എന്നായിരുന്നു മറുപടി.
‘അത് അവരോട് ചോദിക്കണം. അങ്ങനെ ഒരു വിഷയം എനിക്ക് അറിയില്ല. പറയുന്നവര്‍ തന്നെയാണ് അത് വിശദീകരിക്കേണ്ടത്. അവരെല്ലാം സ്ഥാനാര്‍ത്ഥികളാണ് ശത്രുക്കളല്ല’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരന്‍ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘പ്രജ’ വിമര്‍ശനത്തില്‍, അതൊക്കെ അവര്‍ ചോദ്യം ചോദിച്ച് ഉത്തരം കണ്ടെത്തട്ടെ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താന്‍ വികസനത്തിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
തൃശൂരില്‍ ബിജെപി പ്രവര്‍ത്തകരോട് ക്ഷോഭിച്ച സംഭവത്തില്‍, ആള് കുറഞ്ഞതിനല്ല പ്രവര്‍ത്തകരോട് ക്ഷോഭിച്ചതെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. 25 പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാത്തതിനാലാണ് പ്രവര്‍ത്തകരോട് ക്ഷോഭിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ‘എടുക്കേണ്ട പണി പ്രവര്‍ത്തകര്‍ എടുക്കാത്തത് കൊണ്ടാണ് അവരെ ശകാരിച്ചത്. ആദിവാസി വിഭാഗത്തില്‍ പെട്ട 25 പേരെ വോട്ടില്‍ ചേര്‍ത്തില്ല. അവിടെ ആളു കൂടിയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം’, സുരേഷ് ഗോപി പ്രതികരിച്ചു.