വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്നത് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ മാത്രമല്ല ആർ.എസ്.എസ് നേതൃത്വത്തിന്റെയും പ്രധാന ആവശ്യമാണ്. അതിനായി അവർ പ്രധാനമായും കണ്ടുവച്ച രണ്ടു മണ്ഡലങ്ങൾ തൃശൂരും തിരുവനന്തപുരവുമാണ്. എന്ത് വെല്ലുവിളി ഉണ്ടായാലും ഈ മണ്ഡലങ്ങളിൽ വിജയിച്ചിരിക്കണമെന്ന കർശന നിർദ്ദേശമാണ് ബി.ജെ.പിക്ക് ആർ.എസ്.എസ് നേതൃത്വം നൽകിയിരിക്കുന്നത്. കേരളത്തിന്റെ സാമുദായിക – രാഷ്ട്രീയ സാഹചര്യങ്ങൾ ബി.ജെ.പിയുടെ ഈ പ്രതീക്ഷകൾക്ക് വെല്ലുവിളിയാകുമ്പോൾ അതിനെ മറികടക്കാൻ തന്ത്രപരമായ പ്രചരണ പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്.
സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇപ്പോൾ പുറത്തു വരുന്ന വിവാദവും ഈ ആസൂത്രണത്തിന്റെ ഭാഗമാണ്. അതല്ലാതെ കേരളത്തിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമല്ല. മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനായ സുരേഷ് ഗോപിയെ ഒതുക്കാനുള്ള കരുത്തൊന്നും കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനില്ലന്നതും നാം തിരിച്ചറിയണം. സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നിയമിച്ചത് ബി.ജെ.പി നേതൃത്വം അറിഞ്ഞെടുത്ത തീരുമാനം തന്നെയാണ്. ഈ ഒരു തീരുമാനം വലിയ ചർച്ചക്ക് വഴിമരുന്നിടുമെന്ന് കണ്ടുതന്നെയാണ് ഇത്തരമൊരു സാഹസത്തിന് കേന്ദ്രനേതൃത്വം തുനിഞ്ഞിരിക്കുന്നത്.
സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കില്ല എന്ന പ്രചരണം മണ്ഡലത്തിൽ അദ്ദേഹത്തിന് അനുകൂലമായ വികാരം ഉണ്ടാക്കുമെന്നും അത് പരമാവധി ആളിക്കത്തിച്ച ശേഷം ക്ലൈമാക്സിൽ സുരേഷ് ഗോപിയെ തൃശൂരിൽ ലാൻഡ് ചെയ്യിക്കാനാണ് ബി.ജെ.പി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തഴയപ്പെടുന്നവനും ഒതുക്കപ്പെടുന്നവനും ഒപ്പം നിൽക്കുന്ന ശരാശരി മലയാളിയുടെ മനസ്സറിഞ്ഞ് എടുത്ത തീരുമാനമാണത്. “ഏതെങ്കിലും ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് സുരേഷ് ഗോപിയെ ഒതുക്കി നിർത്തുമെന്ന്” കരുതുന്നവരാണ് യഥാർത്ഥത്തിൽ വിഡ്ഢികൾ.
ലോകസഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടും സുരേഷ് ഗോപിയോട് തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടതു തന്നെ കേന്ദ്ര നേതൃത്വമാണ്. തിരുവനന്തപുരത്തേക്കാൾ അവർ വിജയ സാധ്യത കാണുന്നതും തൃശൂരാണ്. സിറ്റിംങ് എം.പിയായ ടി.എൻ പ്രതാപൻ ഇത്തവണ മത്സരിച്ചില്ലങ്കിൽ പകരം വി.ടി ബൽറാമിനെയാകും കോൺഗ്രസ്സ് പരിഗണിക്കുക. ഇടതുപക്ഷത്ത് സി.പി.ഐക്ക് നീക്കിവച്ച മണ്ഡലത്തിൽ ഇത്തവണ മുൻ മന്ത്രി വി.എസ് സുനിൽകുമാറിനാണ് സാധ്യതയുള്ളത്.
സി.പി.ഐയെ സംബന്ധിച്ച് ലോകസഭയിൽ അംഗബലം വർദ്ധിപ്പിക്കേണ്ടതുള്ളതിനാൽ ഇത്തവണ ഇവിടെ വിജയിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ വി.എസ് സുനിൽകുമാറിന്റെ കാര്യത്തിൽ ഒരു തർക്കത്തിനും സാധ്യതയില്ല. ബി.ജെ.പി അക്കൗണ്ട് തുറക്കരുത് എന്ന് ആഗ്രഹിക്കുന്ന സി.പി.എമ്മും ജനകീയനായ സുനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിലാണുള്ളത്. തങ്ങളുടെ അഭിപ്രായം ഇടതുമുന്നണി യോഗത്തിൽ തുറന്നു പറയുമെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
2019 – ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.എൻ പ്രതാപൻ വിജയിച്ചിരുന്നത്. പ്രതാപന് 4,15,089 വോട്ടുകൾ ലഭിച്ചപ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥി രാജാജി മാത്യുവിന് 3,21, 456 വോട്ടുകളാണ് ലഭിച്ചിരുന്നത്. സുരേഷ് ഗോപിക്ക് ആ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 2,93,822 വോട്ടുകളാണ്. ബി.ജെ.പിക്ക് ഈ മണ്ഡലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ നമ്പറാണിത്. രാഹുൽ എഫക്ട് ഏശിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ തൃശൂരിലെ ഫലവും മറിച്ചാകുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ച തിരഞ്ഞെടുപ്പായതിനാൽ യു.ഡി.എഫിന്റെ 19 സ്ഥാനാർത്ഥികൾക്കും മികച്ച ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇത്തവണ ആ ആനുകൂല്യം തൃശൂരിലും കോൺഗ്രസ്സിന് ലഭിക്കില്ലന്ന വിശ്വാസത്തിലാണ് ബി.ജെ.പിയും ഇടതുപക്ഷവും മുന്നോട്ടു പോകുന്നത്. സുരേഷ് ഗോപി വിജയിച്ചാൽ തൃശൂരിന് ഒരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനമാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുക. സുരേഷ് ഗോപിക്ക് സീറ്റ് ലഭിക്കില്ലന്ന പ്രചരണം സംഘപരിവാർ അണികളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും തന്ത്രപരമായ നിലപാടാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പിന്തുടരുന്നത്. ഇത് ബി.ജെ.പിക്കു വേണ്ടി പ്രവർത്തിക്കുന്ന പി.ആർ ടീമിന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന.
രാജ്യസഭ അംഗമെന്ന നിലയിൽ പ്രവർത്തിച്ച കാലയളവിൽ എം പി ഫണ്ട് ഉപയോഗിച്ചും അതല്ലാതെയും തൃശൂരിൽ സുരേഷ് ഗോപി നടത്തിയ സഹായങ്ങൾ ചർച്ചയാക്കുന്നതിനു വേണ്ടിയാണിത്. ഇക്കാര്യത്തിൽ ഒരു പരിധി വരെ ബി.ജെ.പിയുടെ തന്ത്രം വിജയിച്ചിട്ടുണ്ട്. സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയാകില്ലന്ന വാർത്ത വ്യാപകമായാണ് പ്രചരിച്ചിരിക്കുന്നത്. പ്രധാന ചാനലുകളിലെ അന്തി ചർച്ചയും സുരേഷ് ഗോപിയെ കേന്ദ്രീകരിച്ചാണ് നടന്നിരിക്കുന്നത്. സുരേഷ് ഗോപിക്ക് ലഭിക്കുന്ന വലിയ “ബൂസ്റ്റാണിത്”. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളും ബി.ജെ.പിയുടെ പ്രചരണവലയിലാണ് കുടുങ്ങിയിരിക്കുന്നത്. അതെന്തായാലും.. പറയാതെ വയ്യ . . .
EXPRESS KERALA VIEW