വിവാദ പ്രസംഗത്തില്‍ വിശദീകരണ കുറിപ്പുമായി സുരേഷ് ഗോപി

തിരുവനന്തപുരം: അടുത്തിടെ സുരേഷ് ഗോപി നടത്തിയ ഒരു പ്രസംഗം വിവാദമായിരുന്നു. അവിശ്വാസികള്‍ക്കെതിരെ നടത്തിയതാണ് പ്രസംഗം എന്ന പേരില്‍ സുരേഷ് ഗോപിക്കെതിരെ വലിയ വിമര്‍ശനമാണ് പ്രസംഗത്തിന് ശേഷം ഉണ്ടായത്. ട്രോളുകളും നിറഞ്ഞു. ഇപ്പോള്‍ ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുന്‍ എംപിയും ബിജെപി നേതാവുമായ നടന്‍.

സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച കുറിപ്പ് സുരേഷ് ഗോപി പങ്കുവച്ചു. അടുത്തിടെ ഞാന്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ശകലം പ്രസംഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഞാന്‍ ഉദ്ദേശിച്ച കാര്യത്തില്‍ നിന്നും മാറി എഡിറ്റ് ചെയ്തതാണ് അത്. ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് ഇപ്പോള്‍.

അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും, വിവേകമുള്ളതുമായ ചിന്തകളെ ഒരിക്കലും ഞാന്‍ അനദരിക്കുന്നില്ല. ഞാന്‍ അതിനെക്കുറിച്ചല്ല പറഞ്ഞത്. എന്റെ ആശയങ്ങള്‍ തകര്‍ക്കാന്‍ ചിലര്‍ എന്റെ പ്രസംഗം വിഷലിപ്തമായ അവരുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി വെട്ടിമുറിച്ചാണ് പ്രചരിപ്പിച്ചത്.

ഭരണഘടന അനുവദിച്ച എന്റെ മതത്തിന്‍റെ ആചാരങ്ങള്‍ നടത്തുന്നതിന് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെയാണ് ഞാന്‍ ഉദ്ദേശിച്ചത്. മറ്റ് മതത്തിന്റെ പേരിലോ, രാഷ്ട്രീയത്തിന്റെ പേരിലോ നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും എന്നാണ് പറഞ്ഞത്. ശബരിമല അടക്കം എന്റെ മതത്തിന്റെ അവകാശങ്ങള്‍ക്കെതിരെ നീങ്ങുന്ന രാഷ്ട്രീയ ശക്തികളെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

അത് മാത്രമായിരുന്നു ആ പ്രസംഗത്തിന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരാളെയും അവരുടെ രാഷ്ട്രീയ കളി നടത്താന്‍ അനുവദിക്കില്ല, അത് എതിര്‍ത്തിരിക്കും. എന്‍റെ ഉദ്ദേശം ഇത് മാത്രമാണ്. അത് ആരും വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോള്‍ രാഷ്ട്രീയ ഉദ്ദേശം ഇല്ലായിരുന്നു, അത് ഒരിക്കലും ചെയ്യുകയുമില്ല – സുരേഷ് ഗോപി കുറിപ്പില്‍ പറയുന്നു.

 

View this post on Instagram

 

A post shared by Suressh Gopi (@sureshgopi)

അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്നാണ് സുരേഷ് ഗോപിയുടെ നേരത്തെ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയില്‍ പറഞ്ഞിരുന്നത്.

“എന്റെ ഈശ്വരന്മാരെ സ്നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി പ്രാർത്ഥിച്ചിരിക്കും.

അത് എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാൽ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗ്ഗത്തെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്… അങ്ങനെയുള്ള സംവിധാനങ്ങളെ പറഞ്ഞാൽ രാഷ്ട്രീയം സ്പൂരിക്കും. അതുകൊണ്ട് പറയുന്നില്ല.

വിശ്വാസി സമൂഹത്തിന്റെ അതിര്‍ത്തിയില്‍ പോലും ആരും കടന്നുവന്ന് ദ്രോഹിക്കരുത്. ഞങ്ങളുടെ ലോകനന്‍മയ്ക്കുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ നടത്തിക്കോളാം. അവിശ്വാസിക്കള്‍ക്കും വിശ്വാസം ധ്വംസനം ചെയ്യുന്നവരും ഇങ്ങോട്ട് നുഴഞ്ഞു കയറണ്ട. ഇതൊക്കെ ചെറുക്കേണ്ട കാലമാണ് ഇത് “- വീഡിയോയില്‍ ഒരു ശിവരാത്രി പരിപാടിയില്‍ പങ്കെടുത്ത് സുരേഷ് ഗോപി പറയുന്നു.

Top