തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും

suresh gopi

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരാണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും .

ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.

അതേസമയം ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചില്ലെന്ന നിലപാട് സുരേഷ് ഗോപി ആവര്‍ത്തിക്കാനാണ് സാധ്യത. പ്രസംഗത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കും. അയ്യന്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് പരിശോധിക്കു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. ഇതെല്ലാം കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Top