ടീമില്‍ തിരിച്ചെത്താന്‍ പാകത്തിന് പ്രകടനം റെയ്‌ന കാഴ്ച്ച വച്ചില്ല; മറുപടിയുമായി മുന്‍ ചീഫ് സെലക്ടര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍തക്ക പ്രകടനമൊന്നും റെയ്‌ന ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയിട്ടില്ലെന്ന് മുന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സുരേഷ് റെയ്‌ന നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായാണ് എം എസ് കെ പ്രസാദ് രംഗത്തെത്തിയത്.

സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുമ്പോള്‍ സെലക്ടര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും എന്തുകൊണ്ട് ടീമില്‍ നിന്ന് ഒഴിവാക്കുന്നു എന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആശയവിനിമയം നടത്തിയിരുന്നില്ലെന്നും റെയ്‌ന ആരോപിച്ചിരുന്നു.

1999ല്‍ വി വി എസ് ലക്ഷ്മണെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കയിപ്പോള്‍ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോവുകയും അവിടെ 1400ല്‍ അധികം സ്‌കോര്‍ ചെയ്യുകയും ചെയ്ത ശേഷമാണ് ടീമില്‍ തിരിച്ചെത്തിയത്. സീനിയര്‍ താരങ്ങളില്‍ നിന്ന് ഇത്തരമൊരു സമീപനമാണ് സെലക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.

2018-2010 സീസണില്‍ റെയ്‌നയില്‍ നിന്ന് അത്തരമൊരു പ്രകടനവും ഉണ്ടായിട്ടില്ല. സീസണില്‍ ആകെ അഞ്ച് രഞ്ജി മത്സരങ്ങളില്‍ മാത്രമാണ് റെയ്‌ന ഉത്തര്‍പ്രദേശിനായി കളിച്ചത്. ഈ അഞ്ച് രഞ്ജി മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 243 റണ്‍സാണ് റെയ്‌ന നേടിയത്. ഐപിഎല്ലില്‍ 17 മത്സരങ്ങളില്‍ നിന്ന് ചെന്നൈക്കായി 383 റണ്‍സും. റെയ്‌നയെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്ത ഒട്ടേറെ യുവതാരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിലുമുണ്ടായിരുന്നു.

ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് റെയ്‌നയോട് വ്യക്തിപരമായി സംസാരിച്ചിരുന്നു. തിരിച്ചുവരാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഉപദേശിച്ചിരുന്നു. എന്റെ മുറിയിലേക്ക് വിളിച്ചാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. അന്ന് എന്റെ നടപടിയെ റെയ്‌ന പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ അതിന് വിരുദ്ധമായ നിലപാടുമായി റെയ്‌ന ഇപ്പോള്‍ രംഗത്തെത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രസാദ് പറഞ്ഞു.

Top