ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളായ ഒരു കുടുംബത്തിലെ അഞ്ച് പേരെ അജ്ഞാതര്‍ ആക്രമിച്ചു. പഞ്ചാബിലെ പഠാന്‍കോട്ടില്‍ താമസിക്കുന്ന റെയ്‌നയുടെ പിതാവിന്റെ സഹോദരിയും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പിതാവിന്റെ സഹോദരിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടതായാണ് വിവരം. സഹോദരി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ രണ്ടു മക്കളുടെയും നില ഗുരുതരമാണ്.
ഓഗസ്റ്റ് 19നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വീടിന്റെ ടെറസില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അര്‍ധരാത്രിയില്‍ ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായതെന്ന് ‘ദൈനിക് ജാഗരണ്‍’ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമികള്‍ റെയ്‌നയുടെ ബന്ധുക്കളെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 13ാം സീസണിനായി അവിടെയെത്തിയ റെയ്‌ന, ‘വ്യക്തിപരമായ കാരണങ്ങളാല്‍’ ഇന്ത്യയിലേക്ക് മടങ്ങിയതായി അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സീസണില്‍ റെയ്‌ന കളിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് 19ാം തീയതി റെയ്‌നയുടെ കുടുംബത്തിനു നേരെ നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.