വിദേശ ടി 20 ലീഗുകളില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ കളിക്കാരെ അനുവദിക്കണം

ല്കനോ: വിദേശ ടി 20 ലീഗുകളില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ കളിക്കാരെ ബിസിസിഐ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് റെയ്നയും മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനും. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് ഇരുവരും ഈ ആവശ്യവുമായി രംഗത്തെത്തിയത്.

നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. വിരമിച്ച താരങ്ങള്‍ക്ക് മാത്രമെ വിദേശ ലീഗുകളില്‍ കളിക്കാന്‍ കഴിയൂ.

ഇന്ത്യന്‍ കളിക്കാര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ഐസിസിയുമായി ചേര്‍ന്ന് ബിസിസിഐ നടപടി സ്വീകരിക്കണമെന്നാണ് റെയ്‌ന ആവശ്യപ്പെട്ടത്. കുറഞ്ഞത് രണ്ട് ലീഗുകളിലെങ്കിലും കളിക്കാനുള്ള അനുമതി കളിക്കാര്‍ക്ക് നല്‍കണം. വിദേശ ലീഗുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യന്‍ ടീമിനും ഗുണകരമാണെന്നും വിദേശ ലീഗുകളില്‍ തിളങ്ങുന്ന താരങ്ങളാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നതെന്നും പത്താനോടായി റെയ്‌ന പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനിടയില്ലാത്ത കളിക്കാരെയും പ്രായം 30 കടന്നവരെയും വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ഇര്‍ഫാന്‍ പത്താനും ആവശ്യപ്പെട്ടു.

ഓരോ രാജ്യത്തും ഓരോ സാഹചര്യങ്ങളാണ്. ഓസീസിനായി മൈക് ഹസി അരങ്ങേറുമ്പോള്‍ 29 വയസായിരുന്നു.എന്നാല്‍ ഇന്ത്യയില്‍ ഒരു കളിക്കാരന്‍ 30 വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാനുള്ള സാധ്യത കുറവാണ്. അതിനാല്‍ പ്രായം 30 കടന്നവരെയും ദേശീയ ടീമിലെത്താന്‍ സാധ്യതയില്ലാത്തവരെയും വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന്് പത്താനും ആവശ്യപ്പെട്ടു.

Top