ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് സുരേഷ് റെയ്ന

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന. രോഹിത് മിടുക്കനായ ക്യാപ്റ്റന്‍. ടെസ്റ്റ് പരമ്പരയില്‍ യുവതാരങ്ങളെ സമര്‍ത്ഥമായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രോഹിത് അടുത്ത എം.എസ് ധോണിയാകുമെന്നും സുരേഷ് റെയ്ന.

‘ഒരു സൈനിക കുടുംബത്തില്‍ നിന്ന് വന്നതിനാല്‍ തന്നെ അദ്ദേഹത്തിന് ആ നിര്‍ഭയ മനോഭാവമുണ്ട്. ഇതുവരെ എത്താന്‍ അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവന്‍ നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’-റെയ്‌ന കൂട്ടിച്ചേര്‍ത്തു.യുവതാരം ജൂറലിനേയും അദ്ദേഹം പ്രശംസിച്ചു. ‘ഉത്തര്‍പ്രദേശിന് വേണ്ടി ജൂറലിനൊപ്പം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പ്രതിഭാശാലിയാണ് ജൂറല്‍. ആദ്യ ഇന്നിംഗ്‌സിലും പിന്നീട് രണ്ടാം ഇന്നിംഗ്‌സിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. സ്പിന്നിന് അനുകൂലമായ പിച്ചില്‍ മനോഹരമായി ജൂറല്‍ ബാറ്റ് ചെയ്തു. ശാന്തമായും പക്വതയോടെയുമാണ് ജുറല്‍ കളിച്ചത്. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗ് മതിപ്പുളവാക്കിയെന്നും റെയ്‌ന.

രോഹിത് മിടുക്കനായ ക്യാപ്റ്റനാണ്. ശരിയായ ദിശയിലാണ് അദ്ദേഹം നീങ്ങുന്നത്. എം.എസ് ധോണിയെപ്പോലെ യുവതാരങ്ങള്‍ക്ക് രോഹിത് നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ട്. ആദ്യം സര്‍ഫറാസിന് അവസരം നല്‍കി, പിന്നീട് ജുറലിനെ ടീമിന്റെ ഭാഗമാക്കി. ഇതിന്റെ എല്ലാം ക്രെഡിറ്റ് രോഹിത്തിനാണ് – സുരേഷ് റെയ്‌ന പറഞ്ഞു.

Top