തൃശൂര്‍: ഐജി സുരേഷ് രാജ് പുരോഹിതിനെതിരേ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ തൃശൂരിലെ പോലീസ് ആസ്ഥാനത്ത് പോലീസ് വാഹനം ഓടിച്ച സംഭവത്തിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഐജിയുടെ മകന്‍ വാഹനം ഓടിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം പുറത്തറിഞ്ഞിട്ടും നടപടി എടുക്കാതിരുന്ന വിയ്യൂര്‍ എസ്‌ഐക്കെതിരേയും കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
പൊതുപ്രവര്‍ത്തകന്‍ കെ.ടി.ബെന്നിയാണ് വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനം ഓടിച്ച സംഭവത്തിലൂടെ ഐജി നിയമ ലംഘനത്തിനു കൂട്ടുനിന്നുവെന്നും സര്‍ക്കാര്‍ വാഹനം ഓടിച്ച് പൊതുഖജനാവിനു നഷ്ടം വരുത്തിയെന്നുമാണ് ഹര്‍ജിയില്‍ പരാതിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.
സംഭവത്തില്‍ ഏപ്രില്‍ 26ന് മുന്‍പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.