സിനിമയിലെ ലഹരി: ഉദ്യോഗസ്ഥര്‍ കണ്ടെത്തട്ടെ, നിയമം അനുസരിച്ച് ശുദ്ധീകരണം നടത്തുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗം നിയമപരമായി കണ്ടെത്തട്ടെയെന്ന് നടന്‍ സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകള്‍ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധത പരിശോധിക്കണം. ഈ പ്രക്രിയയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കണം. ഉദ്യോഗസ്ഥര്‍ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകള്‍ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണം ആവശ്യമാണെങ്കില്‍ നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോഗസ്ഥര്‍ തിരുത്താനുള്ള നടപടികള്‍ എടുക്കുകയാണെങ്കില്‍ ആ പ്രക്രിയയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കാനുള്ള നിലപാട് എടുക്കും. അതിനേ കഴിയുകയുള്ളൂ,’ സുരേഷ് ഗോപി പറഞ്ഞു.

നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരുടെ വിലക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകളാണ് മലയാള സിനിമയിലെ ലഹരി ഉപയോഗത്തിലേയ്ക്ക് വിരല്‍ ചൂണ്ടിയത്. ഇരുവരും നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു സിനിമാ സംഘടനകള്‍ സംയുക്തമായി വിലക്കേര്‍പ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിര്‍മ്മാതാക്കള്‍ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകള്‍ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ എക്‌സൈസും പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Top