തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമായി ഉന്നയിക്കില്ല; സുരേഷ് ഗോപി

തിരുവനന്തപുരം: ആര്‍ട്ടിക്കിള്‍ 370 പോലെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്കായിരിക്കും ശബരിമലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് സുരേഷ് ഗോപി എം.പി. ഉപതെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമായി താന്‍ ഉന്നയിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വട്ടിയൂര്‍കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത വിഷയത്തില്‍ പ്രതികരിച്ച സുരേഷ് ഗോപി അടൂരിന് അദ്ദേഹത്തിന്റേതായ പക്ഷമുണ്ടെന്നും അതനുസരിച്ചാണ് അദ്ദേഹം പ്രതികരിക്കുന്നതെന്നും പറഞ്ഞു.

അടൂരിന് അദ്ദേഹത്തിന്റെ അവകാശമുണ്ട്. എനിക്ക് എന്റെ അവകാശവും. അദ്ദേഹത്തിന്റെ അവകാശത്തെയൊന്നും താന്‍ ചോദ്യം ചെയ്യില്ല. അദ്ദേഹത്തിനൊരു പക്ഷമുണ്ടാകും അതിന് ചേരുന്ന രീതിയില്‍ അദ്ദേഹം സംസാരിക്കും. ഞാന്‍ പൂര്‍ണമായിട്ടങ്ങനല്ല. പക്ഷം എനിക്കുണ്ടായേ പറ്റു. പക്ഷേ ജനത്തിന് ദ്രോഹമാകുന്ന പക്ഷത്ത് ഞാന്‍ നില്‍ക്കില്ല. എനിക്ക് എന്റേതായ പക്ഷമുണ്ട്. പക്ഷേ അത് ജനദ്രോഹപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങളെ പ്രധാനമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തള്ളിക്കളയാന്‍ ഇവിടുത്തെ നേതാക്കള്‍ തയ്യാറായിട്ടുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.

രാജ്യത്ത് ആള്‍കൂട്ട ആക്രമണങ്ങള്‍ നടക്കുന്നത് അംഗീകരിക്കുന്നുണ്ട്. എന്റെ നേതാവും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന സംഘവും അത് എതിര്‍ത്തിട്ടുണ്ട്. ഒരാളെയും പിന്തുണക്കില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ഉന്നയിച്ചു.

Top