ഡീമാറ്റ് അക്കൗണ്ടുകളുട എണ്ണത്തില്‍ കുതിപ്പ്; 13.92 കോടി പിന്നിട്ടു

ഹരി സൂചികകള്‍ റെക്കോഡ് ഉയരം കുറിച്ച് മുന്നേറുന്നത് തുടര്‍ന്നതോടെ ഡിസംബറിലും ഡീമാറ്റ് അക്കൗണ്ടുകളുട എണ്ണത്തില്‍ കുതിപ്പുണ്ടായി. സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയില്‍നിന്നുള്ള കണക്കുപ്രകാരം ഡിസംബറില്‍ മാത്രം 41.78 ലക്ഷം പുതിയ അക്കൗണ്ടുകളാണ് തുറന്നത്.

നവംബറില്‍ ഇത് 21.81 ലക്ഷമായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാകട്ടെ 21 ലക്ഷവും. 28.66 ശതമാനമാണ് വാര്‍ഷിക വര്‍ധന. ഇതോടെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13.93 കോടി പിന്നിട്ടു.

സാമ്പത്തിക പുരോഗതി, ഓഹരി വിപണിയുടെ മികച്ച പ്രകടനം, സജീവമായ ഐപിഒ മാര്‍ക്കറ്റ്, മികച്ച ലിസ്റ്റ് നേട്ടങ്ങള്‍, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നിവയാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലെ കുതിപ്പിന് പിന്നില്‍. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനവില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിപണിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയും നിക്ഷേപക താത്പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി വന്ന ഐപിഒകളിലൂടെ വിപണിയിലെത്തിയ കമ്പനികള്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കിക്കൊടുത്തത് കൂടുതല്‍ പേരെ വിപണിയിലേക്ക് ആകര്‍ഷിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി എളുപ്പത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുന്നതും വര്‍ധനവിന് സഹായകരമായി.

2023ല്‍ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 18.8 ശതമാനവും 20 ശതമാനവുമാണ് ഉയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ് 45.5 ശതമാനവും സ്‌മോള്‍ ക്യാപ് 47.5 ശതമാനവും നേട്ടമുണ്ടാക്കി. സമീപ കാലയളവില്‍ ലാഭമെടുപ്പും ചാഞ്ചാട്ടവും ദൃശ്യമാണെങ്കിലും വിപണി ബുള്ളിഷ് ആയിരിക്കുമെന്ന വിലയിരുത്തല്‍ നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. വൈകാതെ നിഫ്റ്റി 23,500 നിലവാരത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. എഫ്എംസിജി, ഐടി, കെമിക്കല്‍, വളം തുടങ്ങിയ സെക്ടറുകളിലെ ഓഹരികള്‍ ഇനിയും റാലിയുടെ ഭാഗമായിട്ടില്ല. വിപണിയിലെ ഇടിവിന്റെ സമയത്ത് മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്ന തന്ത്രമാകും അനുയോജ്യമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Top