തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്‌നങ്ങളുള്ളതിനാല്‍ അപകട സാധ്യതയേറിയ ശസ്ത്രക്രിയ ആകും ഇതെന്ന് ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഹൃദയവാല്‍വിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്. എങ്കിലും ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ അല്‍പ്പം സ്ഥിരത ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
വൃക്ക, കരൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ.
കാസർഗോഡ് സ്വദേശികളായ സാനിയ – മിത്താഹാ ദമ്പതികളുടെ പതിനാറുദിവസം പ്രായമായ കുഞ്ഞിനെ അഞ്ചരമണിക്കൂർ കൊണ്ടാണ് ആംബുലൻസിൽ മംഗളൂരുവില്‍ നിന്ന് കൊച്ചിയിൽ എത്തിച്ചത്. കുഞ്ഞിന്റെ ചികിൽസാചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കുഞ്ഞിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു