ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സൈന്യത്തിനും തീവ്രവാദികള്‍ക്കും കനത്ത തിരിച്ചടി നല്‍കിയ 2016 സെപ്തംബര്‍ 29ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ സേന പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കി. കശ്മീരില്‍ സൈനികനെ മൃഗീയമായി കൊലപ്പെടുത്തിയതും കശ്മീര്‍ പൊലീസുകാരെ തട്ടികൊണ്ടുപോയതിലും പാക്ക് സൈന്യത്തെ ഇന്ത്യ പ്രതികൂട്ടില്‍ നിര്‍ത്തിയിരുന്നു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പൈശാചിക പ്രവൃത്തിക്ക് തിരിച്ചടി നല്‍കാനുള്ള തക്കസമയമാണെന്ന് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്തും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തിന് രണ്ടു ദിവസം മുമ്പു തന്നെ പുതിയ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സേന പുറത്തുവിട്ടത്. പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന വേണ്ടിവന്നാല്‍ വീണ്ടും സര്‍ജിക്കല്‍ സട്രൈക്കിന് ഒരുങ്ങുമെന്ന സൂചനയായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
2016ലെ ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. 2016 സെപ്തംബര്‍ 18ന് ഉറി സൈനിക താവളത്തില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായി സെപ്തംബര്‍ 29ന് ഇന്ത്യ പാക്ക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിരവധി പാക്ക് സൈനികര്‍ കൊല്ലപ്പെടുകയും തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. 50 മുതല്‍ 70 വരെ പാക്ക് സൈനികരെയും തീവ്രവാദികളെയുമാണ് കൊലപ്പെടുത്തിയതെന്നാണ് അനൗദ്യോഗിക കണക്ക്.
#WATCH: Visuals of Surgical strike footage of 29/9/2016 from Pakistan Occupied Kashmir (PoK) pic.twitter.com/5MyCeT7Gme
— ANI (@ANI) September 27, 2018
ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക്ക് സൈന്യം ഞെട്ടിവിറച്ചിരുന്നു. തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന ബോംബിങിലൂടെ തകര്‍ത്തു. കശ്മീരിലേക്ക് നുഴഞ്ഞുകയറ്റാന്‍ സൈന്യം പരിശീലനം നല്‍കിയ തീവ്രവാദികളെയാണ് അവരുടെ ക്യാമ്പില്‍ വച്ചു തന്നെ ഇല്ലായ്മ ചെയ്തത്. അതി വിദഗ്ദമായ സൈനിക ഓപ്പറേഷനില്‍ ഒറ്റ ഇന്ത്യന്‍ സൈനികന്റെയും ജീവന്‍ അപകടത്തിലായില്ല.
എന്നാല്‍ ഇതിനു തിരിച്ചടി നല്‍കാന്‍ പാക്കിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. തീവ്രവാദികളെ നുഴഞ്ഞുകയറ്റി നടത്തുന്ന ഒളിയുദ്ധങ്ങള്‍ക്കെതിരെ ഇനി ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പു തന്നെയാണ് ഇന്ത്യന്‍ സേന പാക്കിസ്ഥാനും നല്‍കുന്നത്.
പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.