എന്‍സിപിയില്‍ വിമതരെ സൃഷ്ടിച്ച് സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനാ മേധാവി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയ്ക്ക് നേരെ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ഈ ഞെട്ടിക്കുന്ന മാറ്റമെന്ന് വിമര്‍ശിച്ച ഉദ്ധവ് ഇതിന് ജനം പ്രതികാരം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ പാര്‍ട്ടിയെ ധൈര്യമുണ്ടെങ്കില്‍ തകര്‍ക്കാനും അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചു.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവനകള്‍. ത്രികക്ഷി പ്രതിപക്ഷ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയാണ് മുന്നറിയിപ്പും നോട്ടീസും നല്‍കാതെ ബിജെപി ഈ ഹൃദയം തകര്‍ക്കുന്ന നീക്കം നടത്തിയത്. പത്രസമ്മേളനത്തില്‍ ത്രികക്ഷി സഖ്യത്തിലെ അംഗമായ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമാണ്.
ഉദ്ധവിന് മുന്‍പ് സംസാരിച്ച ശരത് പവാര്‍ ഇതിന്റെ കാരണവും വിശദീകരിച്ചു. ഈ സമയത്ത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നത് മൂലമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ പോയതെന്നാണ് പവാറിന്റെ നിലപാട്. തന്റെ മരുമകന്‍ അജിത് പവാര്‍ ബിജെപി സഖ്യത്തിലേക്ക് പോയതിന് എന്‍സിപിയുടെ പിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പാര്‍ട്ടിയിലെ എംഎല്‍എമാര്‍ മറുവശത്തേക്ക് ചാടിയാല്‍ കൂറുമാറ്റ നിരോധന നിയമം മുന്നിലുണ്ടെന്നും ഇവരെ അയോഗ്യരാക്കുമെന്നുമാണ് പവാര്‍ സീനിയറിന്റെ മുന്നറിയിപ്പ്. എന്‍സിപിയില്‍ നിന്ന് എത്ര പേര്‍ അജിത് പവാറിനൊപ്പം പോകുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. ശിവസേന സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഒപ്പുവെച്ച കത്താണ് എന്‍സിപി പിന്തുണ അറിയിച്ച് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.