ന്യൂഡല്‍ഹി:പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ക്കില്ലെന്ന് ഇന്ത്യ തീരുമാനിച്ചതിന് തൊട്ടു പിന്നാലെ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് നേരെ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ സമയമായിരിക്കുന്നെന്ന് ആര്‍മി തലവന്‍ ബിപിന്‍ റാവത്ത്.
പാക്ക് സര്‍ക്കാരിന് അവരുടെ സൈന്യത്തെയോ ഐ.എസ്.ഐയെയോ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും, നിലവില്‍ അതിര്‍ത്തി ശാന്തമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
കശ്മീരില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാനാണ് പാക്കിസ്ഥാന്‍ പദ്ധതിയിടുന്നത്. സമാധാനം പുനസ്ഥാപിക്കരുതെന്ന് ഉറച്ച തീരുമാനമുള്ളത് പോലെയാണ് അവരുടെ പ്രവര്‍ത്തനം. കശ്മീര്‍ യുവത്വത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കാനാണ് അവരുടെ തീരുമാനമെന്നും റാവത്ത് പറഞ്ഞു.
നമ്മള്‍ അനുഭവിച്ച അതേ വേദന അവര്‍ അനുഭവിക്കണമെന്നും എന്നാല്‍ അവര്‍ ചെയ്ത അത്ര പൈശാചികമായ രീതിയിലായിരിക്കില്ല അതെന്നും ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഷോപ്പിയാനില്‍ കഴിഞ്ഞ ദിവസം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷാവസ്ഥ രൂപം കൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഒരു ബി.എസ്.എഫ് ജവാനെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ചയായിരുന്നു ഷോപ്പിയാനില്‍ തീവ്രവാദികള്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഒരു പൊലീസുകാരന്റെ സഹോദരനേയും തട്ടിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞ ആഴ്ച തന്നെ ഒരു ബി.എസ്.എഫ് ജവാനേയും തീവ്രവാദികള്‍ കൊലപ്പെടുത്തി.
സമാധാന ശ്രമങ്ങള്‍ക്ക് മുന്‍ കൈ എടുത്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതില്‍ നിന്ന് പിന്മാറി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരോട് പാക്കിസ്ഥാന്‍ അതിക്രൂരമായി പെരുമാറുകയും മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ വധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ ചര്‍ച്ചയില്‍ നിന്നും പിന്നോട്ട് പോയത്. ഹുസിബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് പാക്കിസ്ഥാന്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കിയതും ഇന്ത്യയെ ചൊടിപ്പിച്ചു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐക്യരാഷ്ട്ര സഭ സമ്മേളനത്തിനിടെ ഇന്ത്യ-പാക്ക് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇന്ത്യയുടെ പിന്മാറ്റം വലിയ നിരാശ ഉണ്ടാക്കിയെന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. തീരുമാനം അപ്രതീക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതിന് വേണ്ടിയാണോ ഇത്തരം കടുത്ത നിലപാടുകള്‍ ഇന്ത്യ എടുക്കുന്നതെന്ന് കഴിഞ്ഞ ദിവസം തന്നെ പലരും അഭിപ്രായപ്പെട്ടിരുന്നു. ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ് ഇപ്പോല്‍ വന്നിരിക്കുന്ന റാവത്തിന്റെ പ്രസ്ഥാവന.